ശ്രദ്ധയുടെ ശരീര ഭാഗങ്ങൾ ഫ്രിഡ്ജിലിരിക്കെ പുതിയ കാമുകിയെ ഫ്ലാറ്റിലെത്തിച്ചു; അഫ്താബ് പെൺകുട്ടികളെ കുരുക്കുന്നത് ഒരേ ഡേറ്റിങ് ആപ് വഴി

ന്യൂഡൽഹി: കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതിന് അറസ്റ്റിലായ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാല, കൊലപാതകത്തിന് ദിവസങ്ങൾക്കു ശേഷം കാമുകിയായ മറ്റൊരു യുവതിയെ താമസ സ്ഥലത്തേയ്ക്കു കൊണ്ടുവന്നിരുന്നതായി പൊലീസ്. കൊല്ലപ്പെട്ട ശ്രദ്ധ വാൽക്കറിന്റെ മൃതദേഹഭാഗങ്ങൾ റഫ്രിജറേറ്ററിൽ ഇരിക്കുമ്പോഴാണ് ഇതേ സ്ഥലത്തേയ്ക്ക് അഫ്താബ് മറ്റൊരു പെൺകുട്ടിയെ കൊണ്ടുവന്നത്. പുതിയ കാമുകിയെ വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ ശ്രദ്ധയുടെ മൃതദേഹം ഫ്രിജില്‍നിന്ന് കബോര്‍ഡിലേക്ക് മാറ്റാനും അഫ്താബ് ശ്രദ്ധിച്ചിരുന്നു.

ആറു മാസം മുൻപാണ് ഒപ്പം താമസിച്ചിരുന്ന ശ്രദ്ധയെ അഫ്താബ് കൊലപ്പെടുത്തുകയും മൂന്ന് ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ചശേഷം ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തത്. മൂന്നു വർഷം മുൻപ്, ഒരു ഡേറ്റിങ് ആപ് വഴിയാണ് ശ്രദ്ധയും അഫ്താബും പരിചയപ്പെടുന്നത്.

ശ്രദ്ധയെ കൊലപ്പെടുത്തി, 15–20 ദിവസങ്ങൾക്കുശേഷമാണ് ഇതേ ഡേറ്റിങ് ആപ് വഴി മറ്റൊരു പെൺകുട്ടിയെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. യുവതിയെ അപ്പാർട്മെന്റിലേക്കു കൊണ്ടുവന്നപ്പോഴൊക്കെ ശ്രദ്ധയുടെ മൃതദേഹഭാഗങ്ങൾ റഫ്രിജറേറ്ററിൽനിന്ന് കബോർഡിലേക്ക് അഫ്താബ് മാറ്റി. മൃതദേഹം സൂക്ഷിക്കാൻ 300 ലീറ്ററിന്റെ പുതിയ റഫ്രിജറേറ്റർ അഫ്താബ് വാങ്ങിയിരുന്നു. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചു.

അഫ്താബിന്റെ പ്രൊഫൈൽ വിവരങ്ങളും പരിചയപ്പെട്ട മറ്റു പെൺകുട്ടികളുടെ വിശദാംശങ്ങളും ലഭിക്കുന്നതിനും ഡൽഹി പൊലീസ് ഡേറ്റിങ് ആപ് അധികൃതരെ സമീപിക്കും. യുഎസിലെ ടെക്സാസ് ആണ് ആപ്പിന്റെ ആസ്ഥാനം. മറ്റു ബന്ധങ്ങൾ തുടങ്ങുന്നതിനു വേണ്ടിയാണോ ശ്രദ്ധയെ കൊലപ്പെടുത്തിയതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും.

ശനിയാഴ്ച രാത്രിയാണു അഫ്താബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണാനില്ലെന്നു കാട്ടി ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ ഇരുവരും തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായ ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story