വിദ്യാർഥിനിയെ അധ്യാപകൻ ബൈക്കിൽ പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ

തൃപ്പൂണിത്തുറ: ഉപജില്ല കലോത്സവം കഴിഞ്ഞുമടങ്ങിയ പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപകൻ ബൈക്കിലിരുത്തി പീഡിപ്പിച്ച കേസിൽ മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ശൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിനിയെ പീഡിപ്പിച്ച പട്ടിമറ്റം മന്ത്രക്കൽ ദേവീക്ഷേത്രത്തിനു സമീപം നടുക്കാലയിൽ വീട്ടിൽ കിരൺ കരുണാകരനെ (43) ഇന്നലെ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ 16നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ കലോത്സവത്തിന് എത്തിക്കാൻ രക്ഷിതാക്കൾക്ക്​ മാർഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്ത് അധ്യാപകന്റെ ബൈക്കിൽ കൊണ്ടുപോകാം എന്നു പറഞ്ഞ് വീട്ടിൽനിന്ന്​ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കലോത്സവം കഴിഞ്ഞ്​ രാത്രി എട്ടോടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത് വന്ന പെൺകുട്ടിയെ പൊന്നുരുന്നി മുതൽ കരിമുകൾ വരെയുള്ള ഭാഗത്തുവെച്ച് പീഡിപ്പിച്ചെന്നാണ്​ കേസ്​.

വിവരം തൊട്ടടുത്ത ദിവസം അധ്യാപകരെ അറിയിച്ചെങ്കിലും സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിച്ചില്ല. സംഭവം പുറത്തറിയാതെ മൂടിവെക്കാനും ശ്രമമുണ്ടായി. ഇതിനെതിരെ വിദ്യാർഥികൾ സ്‌കൂളിൽ സമരം ചെയ്തിരുന്നു. ഈ സമയം സ്‌കൂളിലുണ്ടായിരുന്ന അധ്യാപകൻ കടന്നുകളയുകയായിരുന്നു. പിന്നീട് നാഗർകോവിലിലേക്ക് ഒളിവിൽപോയി. തമിഴ്‌നാട് പൊലീസ് സ്‌പെഷൽ ബ്രാഞ്ചിന്‍റെ സഹായത്തോടെ ഒളിസങ്കേതം കണ്ടെത്തി ഇൻസ്​പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്​ ഇയാളെ അറസ്റ്റ് ചെയ്തത്​. രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.

സംഘത്തിൽ എസ്.ഐ എം. പ്രദീപ്, എ.എസ്.ഐമാരായ രാജ്‌നാഥ്, എം.ജി. സന്തോഷ്, എസ്.സി.പി.ഒ ആർ. മേനോൻ, സി.പി.ഒ ബിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story