വെള്ളത്തില്‍ കുതിര്‍ന്ന് ജൂണ്‍: കാലവര്‍ഷം ശക്തമായി മാസവസാനം വരെ തുടരും
പത്തനംതിട്ട: രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ദുര്‍ബലമായെങ്കിലും കേരളത്തിലും ഗോവ വരെയുള്ള പശ്ചിമതീരത്തും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ തുടരാന്‍ സാധ്യത. സജീവമായ കടലാണു മഴയെ മുന്നോട്ടു നയിക്കുന്നത്. കടലിനെ സജീവമാക്കുന്നത് ഇടയ്ക്കിടയ്ക്കു രൂപപ്പെടുന്ന ന്യൂനമര്‍ദങ്ങളും. അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് ഇവ രൂപപ്പെടാനുള്ള സാഹചര്യമില്ല. എന്നാല്‍ 22 ാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു ഭാഗത്തായി ന്യൂനമര്‍ദത്തിനു കളമൊരുങ്ങിയേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും (ഐഎംഡി) സ്വകാര്യ കാലാവസ്ഥാ ചാനലുകളും സൂചിപ്പിച്ചു. ഇത് ബിഹാര്‍ വഴി കരയിലേക്കു കയറി മഴയുടെ ജൈത്രയാത്രയ്ക്കു കൊടിപിടിക്കും.
അത്ര ശക്തിപ്പെടാന്‍ ഇടയില്ലെങ്കിലും ഈ ന്യൂനമര്‍ദം കാലവര്‍ഷത്തിന്റെ ഉത്തരായനയാത്രയ്ക്കു പിന്‍ബലമേകും. രണ്ടു കടല്‍വഴികളിലൂടെയാണു കാലവര്‍ഷത്തിന്റെ യാത്ര. അറബിക്കടലിലൂടെ പടിഞ്ഞാറന്‍ കൈവഴിയും ബംഗാള്‍ ഉള്‍ക്കടലിലൂടെ കിഴക്കന്‍ കൈവഴിയും. തെക്കു നിന്നു വടക്കോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു കൈവഴി മുംബൈ കടന്നെങ്കിലും താനെ വരെ എത്തിയ ശേഷം ദൂര്‍ബലമാവുകയായിരുന്നു. വടക്കുനിന്നുള്ള ചൂടുകാറ്റാണ് കാരണം. ഗള്‍ഫ് — അഫ്ഗാന്‍ മേഖലയില്‍നിന്ന് ഇന്ത്യയിലേക്കു വീശുന്ന പശ്ചിമവാതങ്ങള്‍ എന്നറിയപ്പെടുന്ന വരണ്ട കാറ്റ് മണ്‍സൂണിന്റെ യാത്രയ്ക്ക് താല്‍ക്കാലിക തടസം സൃഷ്ടിക്കുക പതിവാണ്. ഈ ചൂടുകാറ്റും തണുത്ത മണ്‍സൂണ്‍കാറ്റും കൂടിക്കലരുമ്പോഴാണ് കൊടുങ്കാറ്റും മിന്നലും രൂപപ്പെട്ട് നാശനഷ്ടം വിതയ്ക്കുന്നത്. കിഴക്കന്‍ കൈവഴി കൊല്‍ക്കത്തയും ഡാര്‍ജിലിങ്ങും മേഘാലയയും കടന്ന് സിക്കിം വരെയെത്തി. ജൂലൈ ആദ്യവാരം എത്തുന്ന മഴയെ കാത്തിരിക്കുകയാണ് ചുട്ടുപൊള്ളുന്ന ഡല്‍ഹിയും രാജസ്ഥാനും പഞ്ചാബും മറ്റും.
ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളിലും ലക്ഷദ്വീപിലും കേരളത്തിലും തെക്കന്‍ കര്‍ണാടകത്തിലും ഗോവയിലും മഴക്കാലത്തിന്റെ പ്രതീതി തുടരുകയാണ്. സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുന്നുമുണ്ട്. കേരളത്തില്‍ ഞായറാഴ്ച മഴ കാര്യമായി പെയ്തില്ല. എന്നാല്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഇടവിട്ട് മഴ ലഭിക്കുന്നു. ഇത് അടുത്ത ഏതാനും ദിവസത്തേക്കു കേരളത്തില്‍ മഴ തുടരുമെന്നതിന്റെ സൂചനയാണ്.
ഇതിനിടെ, കഴിഞ്ഞയാഴ്ച കേരളത്തില്‍ കോഴിക്കോട്ട് ഉരുള്‍പൊട്ടലിനും മറ്റും ഇടയാക്കിയ മഴയ്ക്കു കാരണം തായ്‌ലന്‍ഡ് കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റാണെന്നു നിരീക്ഷകര്‍ വിശദീകരിച്ചു. തയ്‌വാന്‍ തീരത്തേക്കു നീങ്ങുന്നതിനിടെ ഈ ചുഴലിക്കാറ്റ് കേരളത്തിന്റെ പടിഞ്ഞാറുനിന്നു വരെ മഴമേഘങ്ങളെ അങ്ങോട്ടു വലിച്ചു. ഈ പോക്കിനിടെ മഴമേഘങ്ങളെ പശ്ചിമഘട്ടം തടഞ്ഞുനിര്‍ത്തിയതാണു കേരളത്തില്‍ കഴിഞ്ഞയാഴ്ച കനത്ത മഴയ്ക്കു വഴിയൊരുക്കിയത്. പീരുമേട്ടില്‍ 32 സെന്റിമീറ്ററും കോഴിക്കോട്ട് മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളില്‍ 24 സെന്റിമീറ്റര്‍ വരെയും കനത്ത പേമാരി തന്നെ ലഭിച്ചു. തായ്‌ലന്‍ഡിലും ബംഗ്ലദേശിലും കോഴിക്കോട്ടേതിനു സമാനമായ മണ്ണിടിച്ചില്‍ ഉണ്ടായി.
അതേസമയം, മണ്‍സൂണിനു കരുത്തുപകരുന്ന ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) എന്ന പ്രതിഭാസം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുമെന്നും ഇത് ഇന്ത്യന്‍ കാലവര്‍ഷത്തിനു ഗൂണം ചെയ്യുമെന്നും തുടര്‍ന്നുള്ള ഏതാനും ആഴ്ചകളില്‍ രാജ്യത്ത് ആവശ്യത്തിനു മഴ ലഭിക്കുമെന്നും ഓസ്‌ട്രേലിയന്‍ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിച്ചു.