പുള്ളിപ്പുലി സ്‌കൂട്ടറിന് നേരേ ചാടി അപകടം; പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ പേരില്‍ കേസ്
ഗൂഡല്ലൂര്‍ : പുള്ളിപ്പുലി സ്‌കൂട്ടറിനു നേരെ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. കമ്മാത്തിയിലെ സുശീല (18)യുടെ പേരിലാണ് പരാതിക്കാരിയെതന്നെ പ്രതിയാക്കി വനപാലകര്‍ കേസെടുത്തത്. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബി.ബി.എസ്. വിദ്യാര്‍ഥിയായ പെണ്‍കുട്ടി നവംബര്‍ 30-ന് രാത്രി എട്ടരയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
മൈസൂരു ഹൈവേയിലെ പുത്തൂര്‍വയല്‍ റോഡില്‍ സെമറിറ്റന്‍ ആശുപത്രിക്ക് സമീപമാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. സുശീലയ്ക്ക് നെറ്റിക്കും ക്ഷതമേറ്റു.
വലതുകൈക്കും ഇടതുകാലിനും പരിക്കുണ്ട്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലാണ് സുശീല ചികിത്സതേടിയത്. സംഭവത്തെത്തുടര്‍ന്ന് പുള്ളിപ്പുലിയെ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍, പുലിയെ കണ്ടെത്താന്‍ കഴിയാതായതോടെ, പെണ്‍കുട്ടി തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് വനംവകുപ്പ് നടപടി.
ഗൂഡല്ലൂര്‍ റെയ്ഞ്ചറാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ഈ ഭാഗത്ത് നാലുപേരെ പുലി ഓടിച്ചതായി നേരത്തേ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വനംവകുപ്പിന്റെ നിരുത്തരവാദ നടപടിക്കെതിരേ ജനപ്രതിനിധികളും ചില സംഘടനകളും ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ.യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
panther-attack-in-gudallur