300 കോടിയുടെ മയക്കുമരുന്ന്, ആയുധങ്ങള്‍; ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍

300 കോടിയുടെ മയക്കുമരുന്ന്, ആയുധങ്ങള്‍; ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍

December 26, 2022 0 By Editor

അഹമ്മദാബാദ്∙ ആയുധങ്ങളുമായി ഗുജറാത്ത് തീരത്തിനടുത്തെത്തിയ പാക്കിസ്ഥാന്‍ മത്സ്യബന്ധന ബോട്ട് പിടിയില്‍. ബോട്ടിലുണ്ടായിരുന്ന 10 പേരെ കസ്റ്റഡിയിലെടുത്തു. 300 കോടി രൂപ വിലവരുന്ന 40 കിലോ ലഹരിമരുന്നും ആറു പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധസാമഗ്രികളും ബോട്ടില്‍നിന്നു കണ്ടെടുത്തു.

ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോസ്റ്റ്ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ‘അൽ സഹോലി’ എന്ന ബോട്ട് പിടിച്ചെടുത്തത്. പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നാണ് ബോട്ട് എത്തിയതെന്ന് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി ബോട്ടും കസ്റ്റഡിയിലെടുത്തവരെയും ഗുജറാത്തിലെ ഒഖ തുറമുഖത്തേയ്ക്കു കൊണ്ടുപോയി.

കഴിഞ്ഞ 18 മാസത്തിനിടെ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും നടത്തുന്ന ഏഴാമത്തെ സംയുക്ത ഓപ്പറേഷനാണിത്. എന്നാൽ ലഹരിമരുന്ന് കൂടാതെ ആയുധങ്ങളും ലഭിക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ 18 മാസത്തിനിടെ 1,930 കോടി രൂപ വിലമതിക്കുന്ന 346 കിലോഗ്രാം ഹെറോയിൻ പിടികൂടിയതായും 44 പാക്കിസ്ഥാൻ, ഏഴ് ഇറാനിയൻ പൗരന്മാരെ പിടികൂടിയതായും കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.