Begin typing your search above and press return to search.
യാത്രയ്ക്കിടെ മരക്കൊമ്പ് മുഖത്തടിച്ചു; നഴ്സിന് ഭാഗികമായി കാഴ്ച പോയി
ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടുനിന്ന മരക്കൊമ്പ് മുഖത്തടിച്ചു യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. നെടുങ്കണ്ടം കല്ലാർ മാനിക്കാട്ട് ലിബിന്റെ ഭാര്യ നിഷയുടെ കാഴ്ചയാണു ഭാഗികമായി നഷ്ടപ്പെട്ടത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നിഷ (31) ജോലിക്കു പോകുന്നതിനിടെ 13–ാം തീയതിയാണ് അപകടമുണ്ടായത്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നിഷ പരാതി നൽകി.
കല്ലാറ്റിൽ നിന്നു കട്ടപ്പനയിലേക്കു പോകുമ്പോൾ എഴുകുംവയലിനു സമീപമാണ് അത്യാഹിതമുണ്ടായത്. നിഷ സഞ്ചരിച്ച ബസ് മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നീണ്ടുനിന്ന മരക്കൊമ്പ് കണ്ണിൽ തട്ടുകയായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയെങ്കിലും പരുക്കു ഗുരുതരമായതിനാൽ തേനിയിലെ ആശുപത്രിയിലേക്കു മാറ്റി.
തേനിയിലും സൗകര്യമില്ലാതിരുന്നതിനാൽ മധുരയിലെ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ വലതു കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റേത് 20 ശതമാനവും നഷ്ടമായതായി കണ്ടെത്തി. കണ്ണിലേക്കുള്ള ഞരമ്പുകൾക്കേറ്റ പരുക്കാണു കാഴ്ച കുറയാൻ കാരണം. ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണിപ്പോൾ നിഷ.
Next Story