കരിപ്പൂരിൽ 62 ലക്ഷത്തിന്‍റെ സ്വർണവേട്ടയുമായി കസ്റ്റംസ് - 35 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി പോലീസ്

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് 62 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. കോഴിക്കോട് മലയമ്മ സ്വദേശി അയിനികുന്നുമ്മൽ ഷമീറലി (31), പുതുപ്പാടി സ്വദേശി അബ്ദുൽ റസാഖ് (39) എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചത്.

രണ്ട് പേരിൽ നിന്നായി 1,065 ഗ്രാം മിശ്രിതവും 250 ഗ്രാമിന്‍റെ മാലയുമാണ് കണ്ടെടുത്തത്. ഷമീറലി ദോഹയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണെത്തിയത്. ഇയാളിൽ നിന്ന് 1,065 ഗ്രാമിന്‍റെ സ്വർണമിശ്രിതമാണ് പിടിച്ചത്. 50 ലക്ഷം രൂപ വില വരുന്ന സ്വർണം നാല് ക്യാപ്സൂളുകളാക്കിയാണ് ഒളിപ്പിച്ചത്.

റസാഖ് ഷാർജയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലാണ് എത്തിയത്. ഇയാളിൽ നിന്ന് കാൽപാദത്തിനടിയിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് കടത്താൻ ശ്രമിച്ച 250 ഗ്രാമിന്‍റെ 12 ലക്ഷത്തിന്‍റെ രണ്ട് സ്വർണമാലയാണ് പിടികൂടിയത്. ഷമീറലിക്ക് 90,000 രൂപയും റസാഖിന് 15,000 രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്. എയർ കസ്റ്റംസ് ഡിസംബറിൽ 39 കേസുകളിലായി 16 കോടിയുടെ 32 കിലോ സ്വർണമാണ് ഇതിനകം പിടിച്ചത്.

പൊലീസ് 35 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണവുമായി വീണ്ടും യാത്രികന്‍ പൊലീസിന്റെ പിടിയില്‍. തിരൂര്‍ നിറമരുതൂര്‍ മൂച്ചിക്കല്‍ തേലത്ത് മുസ്തഫ മുനീറാണ് (29) പിടിയിലായത്. മൂന്ന് കാപ്‌സ്യൂള്‍ രൂപത്തില്‍ 636 ഗ്രാം സ്വര്‍ണം മിശ്രിതരൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

പിടികൂടിയ സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 35 ലക്ഷം രൂപ വില വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബൂദബിയില്‍ നിന്ന് 28ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യുവാവ് എയര്‍ കസ്റ്റംസ് പരിശോധന അതിജീവിച്ച് പുറത്തെത്തുകയായിരുന്നു. മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുസ്തഫയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വൈദ്യപരിശോധനക്ക് വിധേയമാക്കിയതോടെയാണ് സ്വര്‍ണം കണ്ടെടുക്കാനായത്.പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. വിശദറിപ്പോര്‍ട്ട് കസ്റ്റംസിന് സമര്‍പ്പിക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story