കൊച്ചിന്‍ കാര്‍ണിവലിലെ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായ: ബിജെപി പ്രതിഷേധം

കൊച്ചിന്‍ കാര്‍ണിവലിലെ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായ: ബിജെപി പ്രതിഷേധം

December 29, 2022 0 By Editor

കൊച്ചി: ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയെന്ന ആക്ഷേപവുമായി ബിജെപി പ്രവർത്തകർ. പ്രവർത്തകർ പ്രതിഷേധിച്ചതോടെ മുഖഛായ മാറ്റാമെന്ന് സംഘാടകർ സമ്മതിച്ചു. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽപെട്ടത്.

പിന്നാലെ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇതോടെ പാപ്പാഞ്ഞി നിർമാണം നിർത്തിവച്ചു. തൊട്ടു പിന്നാലെ സംഘാടകരും പൊലീസും സ്ഥലത്തെത്തി. സാമ്യം യാദൃശ്ചികമാണെന്ന് സംഘാടകർ വാദിച്ചെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങാൻ തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നൽകിയതോടെയാണു പ്രവർത്തകർ പിൻവാങ്ങിയത്. കൊച്ചിയിൽ പുതുവർഷം പിറക്കുമ്പോൾ പഴയവർഷത്തോടൊപ്പം പാപ്പാഞ്ഞിയും കത്തിത്തീർന്നിട്ടുണ്ടാകും. ഇതു കത്തിക്കുന്നതു കാണാനും കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കും പതിനായിരങ്ങളാണ് എല്ലാ വർഷവും കൊച്ചിയിലെത്തുന്നത്. 1985ൽ തുടങ്ങിയ പാപ്പാഞ്ഞി കത്തിക്കലിന് കോവിഡിനോട് അനുബന്ധിച്ചു 2020ൽ മാത്രമാണ് മുടക്കമുണ്ടായത്. പോർച്ചുഗീസ് ഭാഷയിൽ ‘പാപ്പാഞ്ഞി’ എന്നാൽ ‘മുത്തച്ഛൻ’ എന്നാണ് അർഥം. കഴിഞ്ഞ വർഷത്തെ തിന്മകളെ പ്രതീകാത്മകമായി കത്തിച്ച് നന്മയുടെ പുതുവർഷത്തിലേക്കു പ്രവേശിക്കുന്നതാണ് പാപ്പാഞ്ഞി സങ്കൽപം.