കുരങ്ങിന്റെ ശല്യംപോലും ഇല്ലാത്ത പ്രദേശം: വനത്തിൽ നിന്നും കിലോമീറ്ററുകൾ അകലെ; എന്നിട്ടും കടുവ ഇറങ്ങി കർഷകനെ കൊന്നു! വിട്ടൊഴിയാത്ത കടുവ പേടിയിൽ വയനാട്ടിലെ ജനങ്ങൾ

കുരങ്ങിന്റെ ശല്യംപോലും ഇല്ലാത്ത പ്രദേശം: വനത്തിൽ നിന്നും കിലോമീറ്ററുകൾ അകലെ; എന്നിട്ടും കടുവ ഇറങ്ങി കർഷകനെ കൊന്നു! വിട്ടൊഴിയാത്ത കടുവ പേടിയിൽ വയനാട്ടിലെ ജനങ്ങൾ

January 13, 2023 0 By Editor

കല്പറ്റ: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് പൊതുവേ വയനാട്ടില്‍ ആനയും കടുവയുമൊക്കെ ഇറങ്ങാറുള്ളത്. എന്നാല്‍ വ്യാഴാഴ്ച കടുവയിറങ്ങി കര്‍ഷകനെ ആക്രമിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി വെള്ളാരംകുന്നിന് എട്ടു കിലോമീറ്ററിലധികം അപ്പുറത്താണ് വനമുള്ളത്. കുരങ്ങിന്റെ ശല്യംപോലും ഇല്ല. വല്ലപ്പോഴും മയിലിറങ്ങും. പിന്നെ ഈ സ്ഥലത്ത് എങ്ങനെയാണ് കടുവയെത്തിയതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ചുറ്റും വീടുകളുള്ള ജനവാസമേഖലയാണ് കടുവയിറങ്ങിയ സ്ഥലം. കുഞ്ഞോം വനം എട്ടു കിലോമീറ്റര്‍ അകലെയും കണ്ണൂര്‍ അതിര്‍ത്തിയിലുള്ള പേര്യ വനം 14 കിലോമീറ്ററും അകലെയാണ്. ഇത്രയും ദൂരെയുള്ള വനത്തില്‍നിന്ന് കാപ്പിത്തോട്ടത്തിലുടെയും ജനവാസ മേഖലകളും കടന്നുവേണം കടുവയെത്താന്‍.

കര്‍ഷകനെ ആക്രമിച്ചശേഷം എവിടേക്ക് പോയി എന്നറിയാത്തതിനാല്‍ ഈ പ്രദേശത്തുകാര്‍ മുഴുവന്‍ ആശങ്കയിലാണ്. തോമസിനെ ആക്രമിച്ച് കടുവ മുകളിലേക്കുള്ള ഭാഗത്തേക്ക് പോയെന്നാണ് സംശയിക്കുന്നത്. അതെല്ലാം ജനവാസ മേഖലയാണ്. വനംവകുപ്പ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും രാത്രിയില്‍ എവിടെയെങ്കിലുമിറങ്ങി വീണ്ടും ആക്രമണം നടത്തുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.

തോമസ് ആക്രമിക്കപ്പെട്ട സ്ഥലത്തിന് തൊട്ടുതാഴെയുള്ള വയലിലാണ് രാവിലെ 9.45-ന് പുല്ലരിയാനെത്തിയ നടുപ്പറമ്പില്‍ ലിസി ആദ്യം കടുവയെ കണ്ടത്. അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് നാലു വനപാലകര്‍ എത്തിയെങ്കിലും കാപ്പിത്തോട്ടത്തിലേക്ക് പോയ തോമസ് അല്പസമയത്തിനകംതന്നെ ആക്രമിക്കപ്പെട്ടു. പിന്നീടാണ് കൂടുതല്‍ വനപാലകരെത്തിയതും പട്രോളിങ് തുടങ്ങിയതും. കടുവയുടെ അലര്‍ച്ചകേട്ട് ഓടിയെത്തിയെങ്കിലും ചോരയില്‍ കുളിച്ചു കിടക്കുന്ന തോമസിനെയാണ് കണ്ടതെന്ന് സുഹൃത്തായ ജയ്മോന്‍ പറയുന്നു. 20 മിനിേറ്റാളം തോമസ് ചോരയില്‍ കുളിച്ചുകിടന്നു. പിന്നീട് നാട്ടുകാരും വനപാലകരും ചേര്‍ന്ന് തുണിയില്‍ ചുമന്ന് 200 മീറ്ററോളം നടന്ന് താഴെ എത്തിക്കുകയായിരുന്നു. അവിടെനിന്ന് സ്വകാര്യ കാറിലാണ് മാനന്തവാടി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമിക്കപ്പെട്ടെന്ന് മനസ്സിലായെങ്കിലും കടുവയായതിനാല്‍ എല്ലാവര്‍ക്കും അടുക്കാന്‍ ഭയമായിരുന്നു. ആദ്യം വയലില്‍കണ്ട കടുവ പിന്നീട് കോളനിയുള്ള ഭാഗത്തുനിന്നാണ് തിരിച്ചിറങ്ങിയതെന്ന് വനപാലകര്‍ പറയുന്നു.

ആക്രമണവാര്‍ത്ത പരന്നതോടെ പ്രദേശവാസികളെല്ലാം വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നും വിദ്യാലയങ്ങളില്‍നിന്ന് കുട്ടികളെ പുറത്തുവിടരുതെന്നും നിര്‍ദേശമുണ്ടായി. സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീമും സ്ഥലത്തെത്തി. ഏറ്റവും അപകടകാരികളായ ഇത്തരം നരഭോജിക്കടുവകള്‍ ജനവാസമേഖലകളില്‍ കേന്ദ്രീകരിക്കുകയാണ് പതിവ്.