വയനാട്ടിലെ കടുവകളെ കൊന്നൊടുക്കും; അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടില്‍ കടുവകളെ കൊന്നൊടുക്കുന്നതിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. കടുവകളുടെ എണ്ണം പെരുകിയതു മൂലം ജനങ്ങള്‍ക്കുള്ള ഭീഷണിക്കു പരിഹാരമെന്ന നിലയിലാണ് ഇതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

വന്ധ്യംകരണത്തിലൂടെ കടുവകളുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചതെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ അതു പ്രായോഗികമല്ലെന്നാണ് വിദഗ്ധര്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കുന്നതെന്നു ശശീന്ദ്രന്‍ പറഞ്ഞു.

വയനാട്ടില്‍നിന്നു കടവകളെ തേക്കടി പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തിക്കാനും വനംവകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. പറമ്പിക്കുളത്ത് എത്തിക്കാനും പദ്ധതിയുണ്ടെന്ന് വനംമന്ത്രി അറിയിച്ചു. ഉന്നത തല യോഗത്തിലാണ് കടുവകളെ കൊന്നൊടുക്കുന്ന കാര്യം പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്. പശ്ചിമ ബംഗാള്‍ ഇതുമായി ബന്ധപ്പെട്ട് 2012ല്‍ നിയമ നിര്‍മാണം നടത്തിയിട്ടുണ്ട്. സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയില്‍ 2014ല്‍ നിയമം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേരളം കൂടി കക്ഷിയായ ഈ കേസില്‍ സ്‌റ്റേ നീക്കാന്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയിലുള്ള കടുവയെ കൊന്നൊടുക്കല്‍ അനുവദനീയമായ കാര്യമല്ലെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ദേശീയ മൃഗമായ കടുവയെ, അക്രമകാരിയാവുന്ന പക്ഷം അവസാന മാര്‍ഗം എന്ന നിലയില്‍ മാത്രമാണ് കൊല്ലാനാവുകയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നരഭോജി കടുവകളെ അവസാന മാര്‍ഗം എന്ന നിലയില്‍ കൊല്ലാം, എന്നാല്‍ എണ്ണപ്പെരുപ്പം തടയാന്‍ കൊന്നൊടുക്കുന്നതു തികച്ചും വ്യത്യസ്തമായ കാര്യമാണ്- പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story