പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ച ഒമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ച ഒമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

January 28, 2023 0 By Editor

കൊല്ലം: ചാത്തന്നൂരില്‍ ഒമ്പത് പേര്‍ക്ക് ഭക്ഷ്യവിഷബാധ. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നല്‍കിയ പൊറോട്ടയും വെജിറ്റബിള്‍ കറിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇവര്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നേടി.

ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയില്‍നിന്നായിരുന്നു ഭക്ഷണം വാങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഭക്ഷണം പാഴ്‌സലായി ലഭിച്ചത്. ഇത് വീട്ടില്‍ കൊണ്ടുപോയി കഴിച്ച ആളുകള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും വയറുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. മറ്റുളള ചിലര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായാണ് വിവരം.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടന്നുവരികയാണ്. ആശുപത്രിയില്‍ ചികിത്സ നേടിയവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

മൂന്ന് മണിക്ക് ആരംഭിച്ച പരിപാടി ആറ് മണിയോടെയാണ് അവസാനിച്ചത്. ഭക്ഷണം പാഴ്‌സലായാരുന്നു ലഭിച്ചത്. വീട്ടില്‍ ചെന്ന് ഏഴ് മണിയോടെ ആണ് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാവുകയായിരുന്നു . വിഷബാധയേറ്റ യുവതി പറഞ്ഞു.