ആകാശ് തില്ലങ്കേരിയെ പൂട്ടാനൊരുങ്ങി സിപിഎം; കാപ്പ ചുമത്താൻ നീക്കം; എല്ലാ കേസുകളും പരിശോധിച്ചേക്കും !
ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സിപിഎം നീക്കം തുടങ്ങി. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം അടക്കം നടത്തിയ ആകാശ് കുറച്ചു നാളുകളായി പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ ശക്തമായ വിഭാഗീതയും പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ആകാശിനെ കാപ്പ ചുമത്തി നാട് കടത്താന്‍ പാര്‍ട്ടി നീക്കം ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ആകാശ് ഉൾപെട്ട കേസുകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് വധക്കേസിലും ഷുഹൈബ് വധക്കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരായ കേസില്‍ അന്വേഷണത്തിന് പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
ഇതിനിടെ ആകാശിനെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണെന്നാണ് ആക്ഷേപം. ഫേയ്‌സ്ബുക്കിലൂടെയാണ് പരാതിക്കാരിയായ ശ്രീലക്ഷ്‌മിയെ അധിക്ഷേപിക്കുന്നത്. എന്നാൽ ഒളിവിൽ പോയ ആകാശിന്റെ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് പേരാവൂർ ഡിവൈഎസ്‌പിയുടെ വിശദീകരണം. എന്നാല്‍ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇപ്പോഴും.
സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്ത് വന്നിരുന്നു . പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.