വാർഷിക പരീക്ഷയെഴുതാതെ 5–ാം ക്ലാസുകാരി; അന്വേഷണത്തിൽ പുറത്തായത് പ്യൂണിന്റെ ലൈംഗിക പീഡനം
ന്യൂഡൽഹി: അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ സ്കൂൾ പ്യൂണും സഹായികളും അറസ്റ്റിൽ. യുപി സ്വദേശിയായ അജയ് കുമാർ (54) ആണ് അറസ്റ്റിലായത്. 10 വർഷമായി ഇയാൾ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു.
മാർച്ച് പതിനാലിനായിരുന്നു സംഭവം. സ്കൂളിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന കുട്ടിയെ പ്യൂൺ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഇൻജക്‌ഷൻ നൽകി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബോധമില്ലാതിരുന്ന കുട്ടിയെ പ്യൂണും സുഹൃത്തുക്കളായ നാല് പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് പെൺകുട്ടിയെ ഇയാൾ സ്കൂളിൽ കൊണ്ടുചെന്നാക്കി.
വീട്ടിലെത്തിയ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അമ്മയെ അറിയിച്ചു. സ്കൂളിൽ പോകാൻ വിസമ്മതിച്ച കുട്ടി പരീക്ഷ എഴുതാനും തയാറായില്ല. സംഭവം മാർച്ച് 15ന് തന്നെ രക്ഷിതാക്കൾ സ്കൂൾ അധികൃതരെ അറിയിച്ചു. എന്നാൽ മാർച്ച് 22നാണ് സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുന്നത്. പരാതി നൽകാൻ വൈകിയതിൽ സ്കൂൾ പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കും മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടിസ് നൽകി. സംഭവം പുറത്തറിഞ്ഞാൽ മാനഹാനിയുണ്ടാകുെമന്ന് കരുതിയാണ് പൊലീസിൽ പരാതി നൽകാതിരുന്നതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. സംഭവത്തിനു പിന്നാലെ ഇവർ നഗരം വിടുകയും ചെയ്തു. ഇവരോട് തിരിച്ചു വരാൻ നിർദേശം നൽകിയ പൊലീസ് കുട്ടിക്കും മാതാപിതാക്കൾക്കും കൗൺസിലിങ്ങിനുള്ള സൗകര്യവും ഏർപ്പാടാക്കി. പ്യൂണിന്റെ മറ്റ് സഹായികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.