കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ട മുന്‍ ക്യാപ്‌റ്റന്‍ ജെസല്‍ കാര്‍നെയ്‌റോ ചിരവൈരികളായ ബംഗളുരു എഫ്‌.സിയില്‍

കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ട മുന്‍ ക്യാപ്‌റ്റന്‍ ജെസല്‍ കാര്‍നെയ്‌റോ ചിരവൈരികളായ ബംഗളുരു എഫ്‌.സിയില്‍

April 27, 2023 0 By Editor

കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ട മുന്‍ ക്യാപ്‌റ്റന്‍ ജെസല്‍ കാര്‍നെയ്‌റോ ചിരവൈരികളായ ബംഗളുരു എഫ്‌.സിയില്‍. ജെസലുമായി ബംഗളുരു രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടെന്നാണു റിപ്പോര്‍ട്ട്‌. വിഷയത്തില്‍ ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍കപ്പ്‌ സ്‌ക്വാഡില്‍ ജെസലിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരുക്കു കാരണം കളിക്കാനായിരുന്നില്ല. പിന്നാലെ താരം ടീം വിട്ടതായി ക്ലബ്‌ അറിയിച്ചിരുന്നു. ലെഫ്‌റ്റ് ബാക്കായ ജെസല്‍ ഇക്കഴിഞ്ഞ സീസണില്‍ ബംഗളുരുവിനെതിരേ വിവാദമായ പ്ലേ ഓഫ്‌ മത്സരത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിനായി അവസാനം കളത്തിലിറങ്ങിയത്‌. ബ്ലാസ്‌റ്റേഴ്‌സിന്‌ ജെസലുമായി കരാര്‍ നീട്ടാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും അത്‌ ഒരു വര്‍ഷത്തെ മാത്രം കരാറായതിനാലാണു താരം ടീം വിടാന്‍ തീരുമാനിച്ചതെന്നു ക്ലബ്‌ വൃത്തങ്ങള്‍ അറിയിച്ചു. ഗോവ ലീഗില്‍ ഡെംപോ സ്‌പോര്‍ട്‌സ് ക്ലബിന്റെ താരമായിരുന്ന ജെസല്‍ 2019 ലാണു ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്‌. ആദ്യം ഒരു വര്‍ഷ കരാറാണു നല്‍കിയിരുന്നതെങ്കിലും പിന്നീടു ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെ മൂന്നു വര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിനല്‍കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിനായി 66 മത്സരങ്ങള്‍ കളിച്ച ജെസല്‍ കാര്‍നെയ്‌റോ ആറു ഗോളുകളും നേടിയിട്ടുണ്ട്‌.