കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടുത്തം ; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം ; 1.22 കോടിയുടെ നഷ്ടം
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കില്‍ വന്‍ തീപിടുത്തം. തീയണയ്ക്കുന്നതിനിടയില്‍ അഗ്നിശമനസേനാ വിഭാഗം ജീവനക്കാരന് ദാരുണാന്ത്യം സംഭവിച്ചു. ഫയര്‍ഫോഴ്‌സ് ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ജെ.എസ്. രഞ്ജിത്തിനാണ് മരണം സംഭവിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും പുക ഉയരുന്നുണ്ട്.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സംഭരണശാലയ്ക്ക് ഇന്ന് പുലര്‍ച്ചെ തീപിടിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30 ന് വലിയ ശബ്ദത്തോടെ കെട്ടിടം പൊട്ടിത്തെറിച്ചു. തീയണയ്ക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തീയണയ്ക്കല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ മേലേക്ക് തകര്‍ന്നുവീണു. രഞ്ജിത്ത് ഫയര്‍ഫോഴ്‌സില്‍ ചേര്‍ന്നിട്ട് ആറു വര്‍ഷമേ ആയിട്ടുള്ളൂ.
ആശുപത്രിയിലേക്കുള്ള രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. 1.22 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കത്തിനശിച്ചത് രാസപദാര്‍ത്ഥങ്ങള്‍ മാത്രമെന്നും ഉപയോഗശൂന്യമായ ടാബ്ലറ്റുകളും മറ്റുമാണ് കത്തിനശിച്ചതെന്നുമാണ് കെഎംഎസ് സി എല്‍ പറയുന്നത്. 2014 എക്‌സ്പയറി ഡേറ്റുകള്‍ കഴിഞ്ഞ മരുന്നുകളും മറ്റുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത് എന്നാണ് വിവരം.