റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍
മുംബൈ: വാംങ്കഡെ സ്‌റ്റേഡിയത്തില്‍ ചെന്നൈയോട് തോറ്റ് സീസണ്‍ ആരംഭിച്ച മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്ത്തി വിജയവഴിയില്‍ തിരിച്ചെത്തി. ഇരു ടീമുകളുടെയും നായകന്മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ 46 റണ്ണിനാണ് മുംബൈയുടെ വിജയം. ആദ്യം ബാറ്റുചെയ്ത മുംബൈ ഉയര്‍ത്തിയ 214 റണ്ണിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ കോഹ്‌ലിയിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 166 നേടാനെ കഴിഞ്ഞുള്ളു.
ബാംഗ്ലൂര്‍ നിരയില്‍ 62 പന്തില്‍ നിന്ന് 92 റണ്‍സെടുത്ത കോഹ്‌ലിയ്ക്ക് പുറമേ 19 റണ്‍സെടുത്ത ഡീ കോക്കും ,16 റണ്ണെടുത്ത മന്‍ദീപ് സിങ്ങും 11 റണ്ണെടുത്ത വോക്‌സിനും പുറമെ ആര്‍ക്കും രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല. ബൗളിങ്ങില്‍ മുംബൈയ്ക്കായി ക്രൂണാല്‍ പാണ്ഡ്യുയും മക്‌ലൂഹാനും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
നേരത്തെ ആദ്യം ബാറ്റുചെയ്ത മുംബൈ രോഹിതിന്റെയും ലെവിസിന്റെയും ബാറ്റിങ്ങ് പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് മുംബൈ നേടിയത്. രോഹിത് ശര്‍മ്മ 52 പന്തില്‍ പത്ത് ഫോറിന്റെയും അഞ്ചു സിക്‌സിന്റെയും അകമ്പടിയോടെ 94 റണ്‍സ് നേടി. 64 റണ്‍സുമായി എവിന്‍ ലൂയിസ് രോഹിതിന് ഉറച്ച പിന്തുണ നല്‍കി.
തുടക്കത്തില്‍ ഒരു റണ്‍ഔട്ടില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ലൂയിസ് മുംബൈ ആരാധകരെ ആവേശത്തിലാഴ്ത്തുകയായിരുന്നു. 42 പന്തില്‍ ആറു ഫോറും അഞ്ചു സിക്‌സുമടക്കം 65 റണ്‍സാണ് ലൂയിസ് അടിച്ചെടുത്തത്.
നേരത്തെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തില്‍ തന്നെ മുംബൈക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഉമേഷ് യാദവിനാണ് രണ്ട് വിക്കറ്റും. മുംബൈ നിരയില്‍ ക്രുണാല്‍ പാണ്ഡ്യ 15 റണ്‍സും പൊള്ളാര്‍ഡ് അഞ്ചു റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ 5 പന്തില്‍ നിന്ന് 17 റണ്‍സ് നേടിയ ഹര്‍ദ്ദിക്കാണ് അവസാന ഓവറുകളില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്.