'ശരീരമാസകലം മുറിവുകൾ; സമാനതകളില്ലാത്ത ആക്രമണം'; നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഹാലിന്റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റു. സംഭവത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളെ പിടികൂടിയത്. പടിയൂര്‍ എബിസി കേന്ദ്രത്തിലെ സംഘത്തെയാണ് മുഴപ്പിലങ്ങാട് നിയോഗിച്ചത്.

ഞായറാഴ്ച വൈകിട്ടാണു തെരുവുനായയുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്. കളിക്കുന്നതിനിടെ വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. പിന്നീട് തെരുവുനായയുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് എത്തിയതായിരുന്നു നിഹാല്‍. ഇതിനിടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ കാണാതായ നിഹാലിനെ രാത്രി 8 45നാണ് കണ്ടെത്തിയത്. സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ ഉറക്കെ നിലവിളിക്കാന്‍ പോലും കുട്ടിക്കായില്ല. തെരുവുനായ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ദാരുണ സംഭവമാണെന്നും എബിസി റൂള്‍ മാറ്റണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് നാലുമാസം മുൻപും തെരുവുനായ ആക്രമണം നടന്നിരുന്നു. ഫെബ്രുവരി രണ്ടിനു മൈസൂരു സ്വദേശികളായ രണ്ടു കുട്ടികള്‍ക്കാണു ഗുരുതര പരുക്കേറ്റത്. വിഷയത്തിൽ കലക്ടർക്കു പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. എ.ബി.സി. പദ്ധതി നടപ്പായില്ലെന്നും തെരുവുനായ്ക്കൾക്ക് ഷെൽറ്റർ ഹോം ഒരുക്കിയില്ലെന്നും മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത പറഞ്ഞു. നിഹാലിന്റെ മരണത്തിനു പിന്നാലെ പടിയൂർ എ.ബി.സി സെന്ററിൽനിന്നുള്ള സംഘം രണ്ടു നായകളെ പിടികൂടി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story