അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

July 7, 2023 0 By Editor

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതോടെ ഇനി സുപ്രീം കോടതിയെ സമീപിക്കുകയെന്നതാണ് രാഹുലിന് മുന്നിലുള്ള പോംവഴി. ഗുജറാത്ത് ഹൈക്കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്‌.

‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപേക്ഷ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ അപേക്ഷ നല്‍കിയിരുന്നത്.

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയായിരുന്നു. ശിക്ഷാ വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.