ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് സുകുമാരന്‍ നായര്‍ ​‍; സ്പീക്കര്‍ക്കെതിരേ ആഞ്ഞടിച്ച് എന്‍എസ്എസ്

സ്പീക്കറുടേത് ചങ്കിൽ തറയ്ക്കുന്ന പ്രസ്താവന, മാപ്പു പറയണം; പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് സുകുമാരന്‍ നായര്‍ ​‍; സ്പീക്കര്‍ക്കെതിരേ ആഞ്ഞടിച്ച് എന്‍എസ്എസ്

August 2, 2023 0 By Editor

ചങ്ങനാശ്ശേരി: സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ഹൈന്ദവ വിരോധമെന്ന് ആരോപിച്ച് എന്‍എസ്എസ്. ഷംസീര്‍ തനിക്ക് അബദ്ധം പറ്റിയതായി സമ്മതിക്കണമെന്നും നിരുപാധികം മാപ്പു പറയണമെന്നും ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കറുടെ പ്രസ്താവന ചങ്കില്‍ തറയ്ക്കുന്നതായിരുന്നെന്നും പറഞ്ഞു.

ഏതു സമുദായത്തിന്റെയും വിശ്വാസം ശാസ്ത്രത്തിന് മുകളിലാണെന്നും പ്രത്യേക സമുദായത്തില്‍ പെട്ട ആളുടെ പരാമര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഷംസീറിന് സ്പീക്കര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിന് സമാനമായി എല്ലാ സമുദായങ്ങളെയും ഉള്‍പ്പെടുത്തി പരസ്യപ്രതിഷേധം നടത്തുമെന്നും പറഞ്ഞു. അതേസമയം ഷംസീര്‍ രാജി വെയ്ക്കണമെന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടില്ല. പകരം പരസ്യമായി മാപ്പു പറഞ്ഞ് ഷംസീര്‍ പ്രശ്‌നത്തില്‍ നിന്നും തലയൂരണമെന്നും അല്ലെങ്കില്‍ സമാനതകള്‍ ഇല്ലാത്ത പ്രതിഷേധം കാണേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ ബിജെപി ഉള്‍പ്പെടെ വിഷയത്തില്‍ സഹകരിക്കുന്ന എല്ലാവരുമായി ചേര്‍ന്നുള്ള പ്രതിഷേധം കാണേണ്ടി വരുമെന്നും പറഞ്ഞു.

എന്‍എസ്എസിന് രാഷ്ട്രീയമില്ലെന്നും വ്യക്തമാക്കി. പ്രസ്താവനയില്‍ ഷംസീറിന് പിന്തുണയുമായി എത്തിയ എ.കെ. ബാലന് മറുപടിയും നല്‍കി. എ.കെ. ബാലന് മറുപടി പറയേണ്ട ബാദ്ധ്യത എന്‍എസ്എസിന് ഇല്ലെന്നും മറുപടി അദ്ദേഹം അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു പറഞ്ഞത്. എന്‍എസ്എസ് കീശയിലാണെന്ന് സുകുമാരന്‍ നായര്‍ കരുതേണ്ടതില്ലെന്നും ഷംസീറിനെതിരേയുള്ള സുകുമാരന്‍നായരുടെ പ്രതികരണം വരേണ്യബോദ്ധ്യത്തില്‍ നിന്നുള്ളതാണെന്നും ആയിരുന്നു എ.കെ. ബാലന്റെ പ്രതികരണം.

ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ ഷംസീറിന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും ഷംസീര്‍ മാപ്പു പറയണമെന്നും ഇന്നലെ സുകുമാരന്‍നായര്‍ പറഞ്ഞിരുന്നു. ഷംസീറിന്റെ ഗണപതി ഭഗവാനെ സംബന്ധിച്ച വിമര്‍ശനം ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും യോജിച്ചതല്ലെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരില്‍ നിന്നായാലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും പ്രതികരിച്ചിരുന്നു. ഷംസീറിനെതിരേ വിശ്വാസപരമായ രീതിയില്‍ പ്രതികരിക്കാനും പറഞ്ഞിരുന്നു.