വീണ ഐജിഎസ്ടി കൊടുത്തെന്ന് തെളിയിച്ചാൽ കുഴൽനാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ?: വെല്ലുവിളിച്ച് ബാലൻ

പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെ കൂടുതൽ സാമ്പത്തിക ആരോപണങ്ങളുമായി ആക്രമണം കടുപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ.ബാലൻ രംഗത്ത്. വീണയും…

പാലക്കാട്∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെ കൂടുതൽ സാമ്പത്തിക ആരോപണങ്ങളുമായി ആക്രമണം കടുപ്പിച്ച മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ.ബാലൻ രംഗത്ത്. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാൽ, അവർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയാനും, പൊതുപ്രവർത്തനം അവസാനിപ്പിക്കാനും മാത്യു കുഴൽനാടൻ തയാറാകുമോയെന്ന് എ.കെ.ബാലൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും സ്ത്രീയായതുകൊണ്ടും എന്തും ചെയ്യാമെന്ന് പറഞ്ഞാൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീണയ്‌ക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ട് അവർക്ക് നോട്ടിസ് നൽകുകയോ, വിളിപ്പിച്ച് അവരുടെ ഭാഗം കേൾക്കുകയോ ചെയ്തോ എന്നു ചോദിച്ച ബാലൻ, തർക്കമുള്ളവർ കോടതിയിൽ പോകാനും വെല്ലുവിളിച്ചു. ഇതുമായി ബന്ധപ്പെട്ട് കേസിനു പോയാലും അതു കോടതിയുടെ മുറ്റം കാണില്ലെന്നും ബാലൻ വ്യക്തമാക്കി.

‘മാത്യു കുഴൽനാടനോട് എനിക്ക് അങ്ങോട്ടു ചോദിക്കാനുള്ളത്, അദ്ദേഹം ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നാണ്. അദ്ദേഹം പ്രധാനമായും ഉന്നയിച്ച ഒരു കാര്യം, മുഖ്യമന്ത്രിയുടെ മകൾ ഐജിഎസ്ടി കൊടുത്തില്ല എന്നതാണ്. ഐജിഎസ്ടി ഓരോ മാസവും കൊടുത്തതിന്റെ രേഖ ഈ പൊതുസമൂഹത്തിന്റെ മുൻപിൽ കാണിച്ചാൽ, മാത്യു കുഴൽനാടൻ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണോ? ഓരോ ദിവസവും അവാസ്തവമായ കാര്യങ്ങൾ എന്തിനുവേണ്ടിയാണ് അദ്ദേഹം ഈ രൂപത്തിൽ പൊതുസമൂഹത്തിനു മുന്നിൽ പ്രചരിപ്പിക്കുന്നത്?’

‘‘രണ്ടു കമ്പനികൾ തമ്മിലുള്ള കൺസൽട്ടൻസി കരാറുമായി ബന്ധപ്പെട്ട് ആവശ്യത്തിനുള്ള സേവനം ലഭിച്ചില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വ്യക്തിയെ ബന്ധപ്പെട്ട അതോറിറ്റിക്കു മുന്നിൽ വിളിപ്പിക്കേണ്ടേ? അതു സ്വാഭാവിക നീതിയില്ലേ? ആദായനികുതി വകുപ്പിന്റെ താൽക്കാലിക പ്രശ്ന പരിഹാര ബോർഡിന്റെ മുന്നിൽ ഈ പ്രശ്നം വന്നുകഴിഞ്ഞാൽ, വീണ കരാർപ്രകാരമുള്ള സേവനം കൊടുത്തിട്ടില്ല എന്ന് ഏകപക്ഷീയമായി പറയാൻ അവരുടെ അഭിപ്രായം കേൾക്കാതെ എങ്ങനെയാണ് കഴിയുക? കേരള മുഖ്യമന്ത്രിയുടെ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താൽ, അവർക്കു പറയാനുള്ളത് കേൾക്കാനുള്ള അവകാശം എന്തിനാണ് നിഷേധിച്ചത്? എവിടെനിന്നെങ്കിലും കിട്ടുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിളിച്ചുപറയുക, എന്നിട്ട് അതിനു മറുപടി പറയണമെന്ന് പറയുക.’’

‘‘ഐജിഎസ്ടി കൊടുത്തിട്ടില്ല എന്നു പറയാൻ, മാത്യു കുഴൽനാടന് ഈ രേഖകൾ എവിടെനിന്നാണ് കിട്ടിയത്. ഐജിഎസ്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, അതിന് ബന്ധപ്പെട്ട ഫോറം നോട്ടിസ് അയയ്ക്കും. ഇവിടെ ആദായനികുതി വകുപ്പ് മതിയായ നികുതി അടച്ചില്ലെന്ന് പറഞ്ഞ് നോട്ടിസ് അയച്ചോ? എന്ന് ജിഎസ്ടി പറഞ്ഞോ? ഇതൊന്നും പറയാതെ, വായിൽ തോന്നിയത് വിളിച്ചുകൂവുകയാണ്.’

‘‘ചില കൃത്രിമ അഭ്യാസികളുണ്ട്. യഥാർഥ അഭ്യാസം അറിയാത്തതിനാൽ ഒന്നു കിട്ടിയാൽ മണ്ണിൽ വീഴും. എന്നിട്ട് ഇത് പൂഴിക്കടകനാണെന്നു പറയും. അഭ്യാസത്തിന്റെ ഏറ്റവും നല്ല തെളിവാണ് ചെളിയിൽ വീണത് എന്നു പറഞ്ഞ്, കിടന്നിടത്ത് കിടന്നുരുളും. ഇവിടെ അതാണ് സംഭവിക്കുന്നത്. ഞാൻ വെല്ലുവിളിക്കാം, ഈ കേസുമായി ബന്ധപ്പെട്ട് കോടതിയുടെ മുറ്റം കാണാൻ പോലും കഴിയില്ല. എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് സേവനം നൽകിയ സ്ഥാപനമാണത്. ഒരു പരാതി വന്നപ്പോൾ, ബന്ധപ്പെട്ട കക്ഷിയുടെ വാദം കേൾക്കാതെ തീരുമാനം കൈക്കൊണ്ടത് നിയമത്തിനു മുന്നിൽ നിലനിൽക്കില്ല. വീണയുടെ ഭർത്താവായിപ്പോയതു കൊണ്ട് മുഹമ്മദ് റിയാസിനെ അയോഗ്യനാക്കും എന്നൊക്കെ പറയുന്നുണ്ട്. ആ കേസും കോടതിയുടെ മുറ്റം കാണില്ല. ഇവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ. എല്ലാ ദിവസവും ഓരോന്ന് കെട്ടിച്ചമയ്ക്കുകയാണോ? ഐജിഎസ്ടി അടച്ചെന്ന് തെളിയിച്ചാൽ, ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണം പിൻവലിക്കുന്നു എന്നെങ്കിലും പരസ്യമായി പറയാൻ മാത്യു കുഴൽനാടൻ തയാറാകുമോ?’

‘‘മുൻകൂട്ടി നോട്ടിസ് നൽകാതെ, ബന്ധപ്പെട്ട കക്ഷിയിൽനിന്ന് അവർക്കു പറയാനുള്ളത് കേൾക്കാതെ ആദായനികുതി വകുപ്പിന്റെ ഒരു ഫോറം തീരുമാനം കൈക്കൊണ്ടു. വീണയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ അവരുടെ ഭാഗം ഈ ഫോറം കേട്ടോ? വീണയ്ക്ക് സമൻസ് അയച്ചോ? വീണയോട് റിട്ടേൺ സ്റ്റേറ്റ്മെന്റ് ചോദിച്ചിട്ടുണ്ടോ? ഏകപക്ഷീയമായി ഏതോ ഒരാൾ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ അങ്ങ് വിധി പ്രസ്താവിക്കുക. എന്നിട്ട് അതിന്റെ മുകളിൽ ഇങ്ങനെ പറഞ്ഞുനടക്കുക. ഈ കേസിൽ അവരാണ് കോടതിയിൽ പോകേണ്ടത്. കോടതിയിൽ പോയാൽ ഇത് നിൽക്കില്ല എന്നു ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.’

‘‘എന്തായാലും ആരോപണം ഉന്നയിച്ചവർ അതു തെളിയിക്കട്ടെ. ഇതിൽ ഞാൻ അവരെ വെല്ലുവിളിക്കുന്നു. ഐജിഎസ്ടി ഓരോ മാസവും 18 ശതമാനം അവർ കൊടുത്തിട്ടുണ്ട്. ഇന്നലെ ഐജിഎസ്ടി അവർ കൊടുത്തിട്ടില്ല, അതുകൊണ്ട് ഇത് രാഷ്ട്രീയ പാർട്ടികൾക്കു കൊടുത്ത സംഭാവനയാണ് എന്ന ഗുരുതരമായ ആരോപണമാണ് കുഴൽനാടൻ ഉയർത്തിയത്. ഐജിഎസ്ടി ഓരോ മാസവും വീണയും കമ്പനിയും കൊടുത്തിട്ടുണ്ട്. അതു തെളിയിച്ചു കഴിഞ്ഞാൽ കുഴൽനാടൻ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ? ചുരുങ്ങിയ പക്ഷം മാപ്പെങ്കിലും പറയുമോ? ന്യായമാണോ പറയുന്നത് എന്നു നോക്കിയാണ് പാർട്ടി നിലപാടെടുക്കുന്നത്. പറയുന്നത് സത്യസന്ധമാണെങ്കിൽ അവരെ സംരക്ഷിക്കാനുള്ള ചുമതല ഒരു ഉത്തരവാദപ്പെട്ട പാർട്ടി എന്ന നിലയിൽ ഞങ്ങൾക്കുണ്ട്. അത് സിപിഎമ്മിന്റെ ഭാഗമായിട്ടുള്ള വ്യക്തി ആകണമെന്ന് നിർബന്ധമില്ല.’ – ബാലൻ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story