സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

സംസ്ഥാനത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്

August 21, 2023 0 By Editor

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഇന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറ് നടന്നത്. കാഞ്ഞങ്ങാട് രാജധാനി എക്സ്പ്രസിന് നേരെയും മലപ്പുറം താനൂരിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുമാണ് കല്ലേറുണ്ടായത്. അക്രമങ്ങളില്‍ ആര്‍ക്കും പരുക്കില്ല.

കാഞ്ഞങ്ങാട് ഉച്ചക്ക് 3.45ഓടെയാണ് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. അക്രമത്തില്‍ ട്രെയിനിന്റെ ഗ്ലാസ് പൊട്ടി. തിരുവനന്തപുരത്തേക്ക്  പോവുകയായിരുന്നു രാജധാനി എക്‌സ്പ്രസ്. ഗ്ലാസിലേക്ക് കല്ലേറുണ്ടായതായി യാത്രക്കാരാണ് ആദ്യം തിരിച്ചറിഞ്ഞത്. എ സി കോച്ചിന്റെ ഗ്ലാസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പൊലീസും ആർ.പി.എഫും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അക്രമം ആസൂത്രിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. പരിശോധനകള്‍ക്ക് ശേഷം ട്രെയിനിന്റെ യാത്ര പുനരാരംഭിച്ചു.

 താനൂർ റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിനിന് നേരേ കല്ലേറുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം താനൂർ സ്റ്റേഷന് തൊട്ടടുത്തുള്ള സിഗ്നൽ മറികടക്കുന്നതിനിടെയാണ് കല്ലേറുണ്ടായത്. ലോക്കോ പൈലറ്റ് ഉടൻ ഷൊർണൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും അറിവായിട്ടില്ല. മുമ്പും സമാനമായ രീതിയിൽ താനൂരിൽ നിന്നും വന്ദേ ഭാരതിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. അന്വേഷണത്തിലൊടുവിൽ പിടിയിലായവർ കളിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകിയതിന്റെയടി സ്ഥാനത്തിൽ ഗുരുതര വകുപ്പുകൾ ചേർക്കാതെ വിട്ടയക്കുകയായിരുന്നു.