
അനുമതിയില്ലാതെ കരിങ്കല്ല് കടത്തി: എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടികൂടി
August 26, 2023പാലാ: അനുമതിയില്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന എട്ടു ലോറികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുത്തു. മൂന്നിലവ് വില്ലേജിലെ മങ്കൊമ്പ് ഭാഗത്താണ് പാസില്ലാതെ ലോറികള്‍ കരിങ്കല്ല് കടത്തിയിരുന്നത്. മീനച്ചില്‍ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി നിയോഗിച്ച റവന്യു സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടു വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിരുന്നു. വീണ്ടും കരിങ്കല്ല് അനധികൃതമായി കടത്തുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന്, ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ കസ്റ്റിയിലെടുത്തത്.
റവന്യുസംഘം പിടികൂടിയപ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന്, വാഹനം പാലായിലെത്തിക്കുവാന് ആളുകളെ റവന്യു സംഘം വൈകുന്നേരം സ്ഥലത്തെത്തിച്ചപ്പോള്‍ ഡ്രൈവര്‍മാര്‍ തിരികെ എത്തുകയായിരുന്നു. വൈകുന്നേരത്തോടെ വാഹനങ്ങള്‍ പാലായിലെത്തിച്ചു.