ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇനി പരിധികളില്ലാതെ ബില്ലുകൾ അടയ്ക്കാം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് പ്രിയമേറുന്നു
ലോകത്തിന്റെ ഏതു കോണിൽ നിന്നും പരിധികളും തടസ്സങ്ങളും ഇല്ലാതെ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്). ബിബിപിഎസിലെ ക്രോസ് ബോർഡർ ബിൽ പേയ്മെന്റ് എന്ന ഫീച്ചർ ഉപയോഗിച്ച് വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് ഇന്ത്യയിലെ ബില്ലുകൾ അടയ്ക്കാനാകും. വിദ്യാഭ്യാസം, യൂട്ടിലിറ്റി, മറ്റ് ബിൽ പേയ്മെന്റുകൾ എന്നിവ നടത്താനുള്ള സൗകര്യമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രവാസികൾക്ക് ഏറ്റവും ഗുണകരമായ ഫീച്ചർ കൂടിയാണിത്.
2014-ലാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് രൂപം നൽകിയത്. വൈദ്യുതി, വെള്ളം, ഗ്യാസ്, ടെലിവിഷൻ, ഡിടിഎച്ച്, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ വിവിധ സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ നിന്നും തുക അടയ്ക്കാൻ കഴിയുന്ന ഒരു സംയോജിത ബിൽ പേയ്മെന്റ് സംവിധാനം എന്ന നിലയിലാണ് ബിബിപിഎസ് പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് യുഎഇയിലാണ് ആദ്യ ഘട്ടത്തിൽ ഈ സേവനം ലഭ്യമാക്കിയത്. പിന്നീട് ഇവ മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. നിലവിൽ, ആവർത്തിച്ചുള്ള പേയ്മെന്റുകൾ നടത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളിലെയും 21,000ത്തിലധികം ബില്ലർമാർ ഈ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്നുണ്ട്.