നിക്ഷേപം തിരികെ ആവശ്യപ്പെട്ടയാൾക്ക് മർദനം : കോൺഗ്രസ് നേതാവിനും ജീവനക്കാരനുമെതിരേ കേസ്

ഇടുക്കി: നിക്ഷേപം തിരികെ ലഭിക്കാനുള്ള കാലതാമസം ചോദ്യം ചെയ്തയാളെ കോൺഗ്രസ് നേതാവുകൂടിയായ മുട്ടം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും സഹകരണബാങ്കിലെ താത്‌കാലിക ജീവനക്കാരനും ചേർന്ന് മർദിച്ചതായി പരാതി.

ഇതുസംബന്ധിച്ച മുട്ടം കാക്കൊമ്പ് സ്വദേശിയും മ്രാല കവലയിൽ റേഷൻവ്യാപാരിയുമായ പാറേക്കാട്ടിൽ പി.എ.ജോസഫിന്റെ പരാതിയിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ.ബിജു, താത്‌കാലിക ജീവനക്കാരൻ ഹാരിസ് എന്നിവർക്കെതിരേ മുട്ടം പോലീസ് കേസെടുത്തു.
ഏതാനും ആഴ്ചകളായി ബാങ്കിലുള്ള നിക്ഷേപം തിരികെ വേണമെന്ന് അവശ്യപ്പെടുന്നതാണെന്ന് ജോസഫ് പരാതിയിൽ പറയുന്നു. എന്നാൽ, തുക നൽകിയില്ല. തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ജോസഫ് ബാങ്ക് സെക്രട്ടറിക്ക് രേഖാമൂലം കത്തുനൽകി. എന്നാൽ, പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പണം തിരികെ തരാത്തതിന്റെ കാരണം രേഖാമൂലം വേണമെന്ന് ആവശ്യപ്പെട്ടു. തരാൻ കഴിയില്ലെന്ന് സെക്രട്ടറി പറഞ്ഞതോടെ തർക്കമായി. ഈ സമയം ബാങ്കിലുണ്ടായിരുന്ന ബോർഡ് അംഗം എൻ.കെ.ബിജു ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ബിജുവുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ബിജുവും ജീവനക്കാരനായ ഹാരീസും ചേർന്ന് മർദിച്ച് പുറത്താക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റുചെയ്യണമെന്ന് എൽ.ഡി.എഫ്.മുട്ടം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.സംഭവത്തിൽ പരിക്കുപറ്റിയ പി.എ.ജോസഫിനെ തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നേതാക്കൾ പറഞ്ഞു.

ജോസഫിനെ മർദിച്ചെന്ന പരാതി കള്ളക്കേസാണെന്ന് കോൺഗ്രസ് ബോർഡംഗം എൻ.കെ.ബിജു പറഞ്ഞു. ബാങ്കിൽ ബോർഡ് യോഗം നടക്കുകയായിരുന്നു. അവിടേക്ക്‌ ചീത്തവിളിച്ച് കടന്നുവരുകയായിരുന്നു ജോസഫ്. ബാങ്കിലെ എല്ലാ ജീവനക്കാരും ചേർന്ന് ഇദ്ദേഹത്തെ ഒഴിവാക്കി വിടുകയായിരുന്നു. താൻ ജോസഫിന്റെ അടുത്തുപോലുമില്ലായിരുന്നു. ഈ കേസിന് പിന്നിൽ പ്രാദേശിക സി.പി.എം.നേതാവാണ്. ബാങ്കിൽ വന്ന് പ്രശ്‌നമുണ്ടാക്കിയതിന്റെ പേരിൽ സ്വന്തം നിലയിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. ബാങ്കിന്റെ വനിതാ സെക്രട്ടറി തിങ്കളാഴ്ച ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും ബാങ്ക് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ബിജു വ്യക്തമാക്കി.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story