ഒരു തുണ്ടുഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം; വ്യാജവാർത്ത നൽകിയ ‘വ്യാജ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി

ഒരു തുണ്ടുഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം; വ്യാജവാർത്ത നൽകിയ ‘വ്യാജ പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി

November 14, 2023 0 By Editor

പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസർ നല്കി. മന്നാംകണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്ന് നവംബർ 13ന് വില്ലേജ് ഓഫീസർ നൽകിയ സാക്ഷ്യപത്രം ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നു . ഭുരഹിതയായ ഈ വൃദ്ധ മാതാവിന് ലക്ഷങ്ങളുടെ ആസ്തിയും ഒന്നര ഏക്കർ ഭൂമിയുമുണ്ടെന്ന ദേശാഭിമാനി വാർത്ത വ്യാജമാണെന്ന് ഇതോടെ തെളിഞ്ഞു എന്നാണ് റിപ്പോർട്ട്

തനിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നും ഒന്നര ഏക്കർ ഭൂമിയുടെ ഉടമയാണെന്നുമുള്ള ദേശാഭിമാനി വാർത്തയെ തുടർന്നാണ് മറിയക്കുട്ടി തൻ്റെ പേരിലുള്ള സ്വത്ത് വിവരങ്ങളറിയാൻ വില്ലേജ് ഓഫീസിൽ നവംബർ 13 തിങ്കളാഴ്ച അപേക്ഷ നല്കിയത്.

“മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമാണ്” നവംബർ 10 ലെ ദേശാഭിമാനി വാർത്തയിലെ കണ്ടെത്തൽ. മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തി എന്ന തലക്കെട്ടോടെയുള്ള വാർത്ത സിപിഎം പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

” പെൻഷൻ മുടങ്ങിയെന്ന് പറഞ്ഞ് കോൺഗ്രസ് പിച്ചയെടുപ്പിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തൽ. സ്വന്തമായി രണ്ട് വീടുണ്ട്. അതിൽ ഒരു വീട് അടിമാലിയിൽ ഇരുന്നൂറേക്കറിൽ 5000 രൂപയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നു. പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം സ്ഥലവുമുണ്ട്. മറിയക്കുട്ടിയുടെ മക്കളും സഹോദരങ്ങളും ഉൾപ്പെടെ വിദേശത്തുണ്ട്. ഈ വസ്തുതകൾ മറച്ചുവച്ചാണ് അരി വാങ്ങാൻ ഗതിയില്ലാതെ ഭിക്ഷയെടുക്കേണ്ടി വന്നെന്ന കളവുമായി മറിയക്കുട്ടി ചാനലിൽ എത്തിയത്….” ഇങ്ങനെ പോകുന്നു പാർട്ടി പത്രത്തിൻ്റെ വാർത്ത.

ദേശാഭിമാനി റിപ്പോർട്ട് വന്നതിനെ തുടർന്ന് അതിൽ പറയുന്ന ഭൂമി കണ്ടെത്താനാണ് താൻ വില്ലേജ് ഓഫീസിൽ പോയതെന്ന് മറിയക്കുട്ടി പറഞ്ഞു. ദേശാഭിമാനി വാർത്തയിൽ പറയുന്ന ഭൂമി എവിടെയാണ് കണ്ടെത്തി തരണമെന്നായിരുന്നു അവരുടെ ആവശ്യം.

ദേശാഭിമാനി തനിക്ക് ഉണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന്വ്യക്തമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. താൻ വില്ലേജിൽ പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി പറഞ്ഞു. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു.