നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍ ; നടപടി ഹെെക്കോടതി സ്റ്റേ നിലനിൽക്കേ

നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍ ; നടപടി ഹെെക്കോടതി സ്റ്റേ നിലനിൽക്കേ

November 25, 2023 0 By Editor

കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍. കോഴിക്കോട്ടും ബാലുശ്ശേരിയിലുമാണ് നവകേരള സദസ്സ് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്.

നാല് ബസ്സുകളാണ് ബാലുശ്ശേരിയില്‍ ആളുകളെ എത്തിക്കാന്‍ ഉപയോഗിച്ചത്. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്വക്വയറില്‍ നടക്കുന്ന പരിപാടിയിലേക്കും ആളുകളെ ബസുകളില്‍ എത്തിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ ബസുകളാണ് വിവിധ സ്ഥലങ്ങളില്‍നിന്നായി ആളുകളെ എത്തിക്കുന്നതിന് ഉപയോഗിച്ചത്.

നവകേരള സദസ്സില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി അവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെയെത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസ്സുകള്‍ ഉപയോഗിച്ചിരിക്കുന്നത്.
നേരത്തെ നവകേരള സദസിലേക്ക് സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാനുള്ള നിര്‍ദേശം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പിന്നാലെ, വിഷയം കോടതിയിലെത്തിയ സാഹചര്യത്തില്‍ നവകേരള സദസ്സിലേക്ക് ഇനി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു.