സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും; ഡോ.ഷഹാനയുടെ മരണത്തിൽ അന്വേഷണം

സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും; ഡോ.ഷഹാനയുടെ മരണത്തിൽ അന്വേഷണം

December 6, 2023 0 By Editor

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ ശക്തമായ അന്വേഷണത്തിനു സർക്കാർ. ആത്മഹത്യയ്ക്കു പിന്നില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ആരോപണം ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. പിന്നാലെ, വനിതാ കമ്മിഷൻ ഷഹാനയുടെ വീട് സന്ദർശിച്ച് മാതാവിൽനിന്നും സഹോദരനിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.

സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജ് സിഐ ഷഹാനയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഷഹാന ദുഃഖിതയായിരുന്നെന്ന് കുടുംബം പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഡോ. ഷഹാനയുടെ മരണം വേദനാജനകമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു. സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ പെൺകുട്ടികൾ ആർജവം കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഷഹാനയുടെ കൂടെ പഠിക്കുന്ന ഡോക്ടർ വിവാഹാലോചനയുമായി വന്നിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു. വരന്റെ വീട്ടുകാർ ചോദിച്ച വലിയ സ്ത്രീധനം കൊടുക്കാൻ ഷഹാനയുടെ കുടുംബത്തിനു കഴിയുമായിരുന്നില്ല. സ്ത്രീധനം കൊടുക്കാൻ കഴിയാത്തതിനാൽ വിവാഹം മുടങ്ങിയെന്നും, ഷഹാന മാനസികമായി തളർന്നെന്നുമാണ് കുടുംബം പൊലീസിനോടു പറഞ്ഞത്.

ഷഹാനയുടെ മൊബൈൽഫോൺ രേഖകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും നടത്തിയ ചാറ്റുകൾ പരിശോധിക്കുമ്പോൾ കാര്യങ്ങൾക്ക് വ്യക്തത വരുമെന്നു പൊലീസ് കരുതുന്നു. വിവാഹാലോചനയുമായി വന്ന മെഡിക്കൽ കോളജ് പിജി അസോസിയേഷൻ ഭാരവാഹിയായ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഈ ഡോക്ടറുടെ കുടുംബം സ്ത്രീധനമായി 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും ചോദിച്ചെന്നാണ് ആരോപണം. താമസ സ്ഥലത്താണ് അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ച് ഷഹാന മരിച്ചത്.