രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

രാവിലെ സ്‌കൂളിൽ എത്തുന്ന കുട്ടികളോട് ലൈംഗികാതിക്രമം; 60 കാരനായ സ്വീപ്പർ അറസ്റ്റിൽ

December 6, 2023 0 By Editor

കൊല്ലം: സ്‌കൂൾ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എൽപി സ്‌കൂളിലെ താൽക്കാലിക സ്വീപ്പർ പിടിയിൽ. തുമ്പോട് സ്വദേശി കുമാരപ്പിള്ള(60) ആണ് പിടിയിലായത്. ഇയാൾക്കെതിരെ സ്‌കൂളിലെ അഞ്ച് കുട്ടികൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ അദ്ധ്യയന വർഷം ആരംഭിച്ച് മൂന്നാം മാസം മുതലാണ് കുട്ടികളോടുള്ള കുമാരപിള്ളയുടെ ലൈംഗികാതിക്രമം തുടങ്ങിയത്. പത്ര റിപ്പോർട്ടുകൾ തയ്യാറാക്കാൻ രാവിലെ സ്‌കൂളിലെത്തുന്ന കുട്ടികളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. കൂടാതെ ഉച്ചഭക്ഷണ സമയത്തുള്ള ഇടവേളകളിലും ഉപദ്രവം തുടരും.

ശനിയാഴ്ചയായിരുന്നു ഒരു കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ മറ്റ് രക്ഷിതാക്കളോട് ഇക്കാര്യം പങ്കുവച്ചു. ഇതോടെയാണ് കൂടുതൽ വിദ്യാർത്ഥികൾ സമാന പരാതിയുമായി രംഗത്തെത്തിയത്. അഞ്ച് കുട്ടികളുടെ രക്ഷിതാക്കൾ ഏരൂർ പോലീസിൽ പരാതി നൽകി. പോലീസ് കുട്ടികളുടെ മൊഴിയെടുത്ത ശേഷം പ്രതിയെ പോക്‌സോ നിയപ്രകാരം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയെന്നറിഞ്ഞതോടെ പ്രതി നെഞ്ചുവേദനയാണെന്ന് പറഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

കൂടുതൽ കുട്ടികളുടെ രക്ഷിതാക്കൾ പരാതിയുമായി എത്തിയതോടെ അന്വേഷണം പുനലൂർ ഡിവൈഎസ്പി ഏറ്റെടുക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ കുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.