
രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അരങ്ങുണരും; നാനാപടേക്കർ മുഖ്യാതിഥി
December 8, 2023ഏഴ് ചലച്ചിത്ര ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അരങ്ങുണരും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് നടൻ നാനാ പടേക്കർ ചടങ്ങില്‍ മുഖ്യാതിഥിയാകും. കെനിയൻ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മേയർ ആര്യാ രാജേന്ദ്രൻ സമ്മാനിക്കും. ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം ഇത്തവണത്തെ പാക്കേജുകൾ പരിചയപ്പെടുത്തും. വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് സമാപനച്ചടങ്ങിൽ സമ്മാനിക്കും.
ചലച്ചിത്ര പ്രവര്‍ത്തകരായ റീത്ത അസെവെദോ ഗോമസ്, ഫെർണാണ്ടോ ബ്രണ്ണർ, റസൂൽ പൂക്കുട്ടി, രഞ്ജിത്, പ്രേംകുമാർ, ശ്യാമപ്രസാദ്, ഷാജി എൻ കരുൺ, മധുപാൽ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബർ പ്രസിഡന്റ് ബി ആര്‍ ജേക്കബ്, അക്കാദമി സെക്രട്ടറി സി അജോയ്, വി കെ പ്രശാന്ത് എംഎൽഎ, ഡി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിനു ശേഷം മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിക്കും.