ഗവർണറുടെ സഞ്ചാരപാത പൊലീസ് ചോർത്തി നൽകിയതായി റിപ്പോർട്ട് ; സ്വപ്ന സുരേഷിനെക്കൊണ്ട് ഇഡിക്കെതിരെ ശബ്ദരേഖ റിക്കോർഡ് ചെയ്യിച്ച അതേ ഉദ്യോഗസ്ഥൻ ! 24 മണിക്കൂറിൽ 3 തവണ ഇന്റലിജൻസ് മുന്നറിയിപ്പ്

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷയൊരുക്കുന്നതിൽ കേരളാ പൊലീസിന് വീണ്ടും വീഴ്ച. ഇതോടെ ഗവർണർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്ര സേന എത്താനുള്ള സാധ്യത കൂടി. ഗവർണർക്കെതിരെ എസ്എഫ്‌ഐ വീണ്ടും കരിങ്കൊടി കാണിക്കുമെന്നും ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ഇന്റലിജൻസ് മുന്നറിയിപ്പ് റിപ്പോർട്ട് നൽകിയത് 24 മണിക്കൂറിനിടെ 3 തവണയായിരുന്നു. പ്രതിഷേധത്തിനു സാധ്യതയുള്ള സ്ഥലങ്ങൾ വ്യക്തമാക്കിയായിരുന്നു ഇന്നലെ ഉച്ചയ്ക്കു നൽകിയ മൂന്നാമത്തെ റിപ്പോർട്ട്. എന്നിട്ടും മതിയായ സുരക്ഷ ഒരുക്കിയില്ല. രാജ്ഭവൻ തീർത്തും നിരാശരാണ്. അതിനിടെ ഗവർണറുടെ സുരക്ഷയ്ക്ക് കമാണ്ടോ ടീമിനെ നിയോഗിക്കും. ഗവർണർക്ക് സുരക്ഷയും കൂട്ടും. രണ്ട് കമാണ്ടോകളെ ഗവർണർക്ക് നൽകാനാണ് തീരുമാനം.

എസ്എഫ്‌ഐ പ്രതിഷേധത്തോടു ഗവർണർ രൂക്ഷമായി പ്രതികരിച്ചതോടെ സർക്കാരും ആഭ്യന്തര വകുപ്പും വെട്ടിലായിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്നു പരസ്യമായി പ്രഖ്യാപിച്ച ഗവർണർ സമാന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നൽകിയാൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും

കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചതിനെ തുടർന്നു ഞായറാഴ്ച വൈകിട്ടായിരുന്നു ഇന്റലിജൻസിന്റെ ആദ്യ റിപ്പോർട്ട്. ഇന്നലെ ഗവർണർക്ക് വിമാനത്താവളത്തിലേക്കു പോകുന്നതിന് സ്ഥിരം റൂട്ടല്ലാതെ മറ്റൊരു സമാന്തര റൂട്ട് കൂടി നിശ്ചയിക്കണമെന്നും നിർദേശിച്ചു. ഇതു രഹസ്യമായി സൂക്ഷിക്കണമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച വൈകിട്ട് വയർലെസ് സന്ദേശവും നൽകി.

പ്രതിഷേധം കനക്കുമെന്ന സൂചന നൽകി ഇന്നലെ രാവിലെയായിരുന്നു രണ്ടാമത്തെ ഇന്റലിജൻസ് റിപ്പോർട്ട്. ഉച്ചയ്ക്ക് നൽകിയ മൂന്നാമത്തെ റിപ്പോർട്ടിൽ പാളയത്ത് അണ്ടർ പാസിന് സമീപത്തും പേട്ടയിലുമായി 3 സ്ഥലങ്ങളിലാണു പ്രതിഷേധ സാധ്യതയെന്നു കൃത്യമായി ചൂണ്ടിക്കാട്ടുകയും സുരക്ഷയ്ക്ക് അധിക പൊലീസിനെ നിയോഗിക്കണമെന്നു നിർദേശിക്കുകയും ചെയ്തു. എന്നാൽ ഇതനുസരിച്ചുള്ള മുൻകരുതലോ അധിക സുരക്ഷാ നടപടികളോ പൊലീസ് സ്വീകരിച്ചില്ല.

സംസ്ഥാന സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന പൊലീസ് അസോസിയേഷൻ ഉന്നത നേതാവ് റൂട്ട് കൃത്യമായി എസ്എഫ്ഐ നേതൃത്വത്തിന് ചോർത്തിയെന്നു കണ്ടെത്തിയതും ഇന്നലെ രാവിലെയാണ്. സ്വർണക്കടത്തു കേസ് കത്തിനിൽക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശബ്ദരേഖ റിക്കോർഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്പെഷൽ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശിച്ച ഗവർണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷൻ നേതാവ് എസ്എഫ്‌ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായും ഇന്റലിജൻസ് കണ്ടെത്തിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു

വഴുതക്കാടും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത് പൊലീസിന് അകത്തു നിന്ന് തന്നെ ചർച്ചയായി. ഗവർണർക്ക് നേരെ പ്രതിഷേധിക്കാൻ സൗകര്യമൊരുക്കി എന്നാണ് സേനയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നതെന്ന് മാധ്യമം പത്രവും റിപ്പോർട്ട് ചെയ്യുന്നു. ഗവർണറുടെ രാഷ്ട്രീയം എന്തായാലും സുരക്ഷ ഒരുക്കാനുള്ള പൊലീസിന്റെ കൃത്യനിർവഹണത്തിൽ വീഴ്ച വന്നതായും ആക്ഷേപമുണ്ടാണ് ആക്ഷേപം. സർവകലാശാലകളെ സംഘ്പരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story