പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു ; കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ തീര്‍ഥാടകരുടെ കാലിലൂടെ വാഹനം കയറിയിറങ്ങി

പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു ; കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ തീര്‍ഥാടകരുടെ കാലിലൂടെ വാഹനം കയറിയിറങ്ങി

December 12, 2023 0 By Editor

പത്തനംതിട്ട: റോഡരികില്‍ കെഎസ്ആര്‍ടിസി ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ ടയര്‍ കയറിയിറങ്ങി. ആന്ധ്രാപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എരുമേലി-ഇലവുങ്കല്‍ -പമ്പ റോഡില്‍ തുലാപ്പള്ളിയിലാണ് സംഭവം. തിരക്കുകാരണം വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇവര്‍ എത്തിയ കെഎസ്ആര്‍ടിസി ബസും ഇങ്ങനെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും വാഹനത്തില്‍നിന്നിറങ്ങി അടിയില്‍ കിടന്നുറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ ഉറങ്ങുന്നതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് കാലിലൂടെ ടയര്‍ കയറിയിറങ്ങിയത്.ഇവരെ ആദ്യം നിലയ്ക്കലിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു

പമ്പാ പാതയില്‍ മണിക്കൂറുകളോളം വാഹനം തടഞ്ഞിട്ടു, പുറത്തിറങ്ങിയ തീര്‍ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു

മണിക്കൂറുകളോളം പമ്പാ പാതയില്‍ തടഞ്ഞിട്ടിരുന്ന ശബരിമല തീര്‍ഥാടക വാഹനത്തിലെ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് പെരുമ്പാളൂര്‍ സ്വദേശി പെരിയസ്വാമി (53) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പെരുനാടിന് സമീപം കൂനംകരയിലായിരുന്നു ഇവരുടെ വാഹനം.  തിരക്ക് കാരണം മണിക്കൂറുകളോളം പമ്പാ പാതയില്‍ വാഹനം തടഞ്ഞിട്ടതോടെ, പുറത്തിറങ്ങിയ ഇദ്ദേഹത്തിന് അസ്വസ്ഥയുണ്ടാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ പെരുനാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.