നവീൻ ബാബുവിന്റെ മരണം: ദിവ്യ ഏകപ്രതിയെന്ന് കുറ്റപത്രം

നവീൻ ബാബുവിന്റെ മരണം: ദിവ്യ ഏകപ്രതിയെന്ന് കുറ്റപത്രം

March 29, 2025 0 By eveningkerala

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ പ്രേരണയായത് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന് പോലീസ് കുറ്റപത്രം. ദിവ്യയാണ് കേസിലെ ഏക പ്രതിയെന്നും അന്വേഷണത്തില്‍ വ്യക്തമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യാപ്രേരണ കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും.

നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. നൂറിലേറെ പേജുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതില്‍ പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം പോലീസ് കുറ്റപത്രത്തില്‍ നവീന്‍ ബാബു പ്രശാന്തിനെ ഫോണില്‍ ബന്ധപ്പെട്ടതടക്കം സൂചിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.