
എമ്പുരാന്‍റെ വ്യാജ പതിപ്പ് വിറ്റിരുന്നത് 20 രൂപ മുതൽ; പ്രതി പാപ്പിനിശ്ശേരിയില്‍ സ്വകാര്യ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി
April 2, 2025കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ ‘എമ്പുരാന്‍’ വ്യാജ പതിപ്പ് പിടികൂടി. എമ്പുരാന്‍റെ വ്യാജ പതിപ്പ് വേണ്ടവർക്ക് ഫോണിലേക്കും മറ്റ് ഡിവൈസുകളിലേക്കുമൊക്കെ ഇവിടെനിന്ന് പകര്‍ത്തി നൽകുകയായിരുന്നു. 20 രൂപ മുതലാണ് ഇതിനായി ഈടാക്കിയിരുന്നത്. തംബുരു കമ്യൂണിക്കേഷൻ എന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് വ്യാജ പതിപ്പ് കണ്ടെത്തിയത്. സ്വകാര്യ ജനസേവന കേന്ദ്രവുമാണ് ഇത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ ജീവനക്കാരിക്കെതിരെ വളപട്ടണം പൊലീസ് കേസെടുക്കും.
മാര്‍ച്ച് 27 ന് ലോകവ്യാപകമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പല വെബ് സൈറ്റുകളിലും എത്തിയിരുന്നു. സൈബര്‍ പൊലീസ് പല സൈറ്റുകളില്‍ നിന്നും വ്യാജ പതിപ്പിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തിരുന്നു. അത്തരത്തില്‍ എത്തിയ ലിങ്കുകള്‍ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാവുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അത്തരത്തിലുള്ള നടപടിയാണ് പാപ്പിനിശ്ശേരിയില്‍ നടന്നിരിക്കുന്നത്.