
അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ്; യോഗ്യത പത്താം ക്ലാസ്; തുടക്ക ശമ്പളം പ്രതിമാസം 30,000 മുതൽ
March 29, 2025അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ അഗ്നിവീർ ആകാം. മെട്രിക് (എം.ആർ), സീനിയർ സെക്കൻഡറി റിക്രൂട്ട്സ് (എസ്.എസ്.ആർ) എന്നിങ്ങനെ രണ്ടുതലത്തിൽ 02/2025, 01/2026, 02/2026 ബാച്ചുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ അടങ്ങിയ പ്രത്യേക റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങൾ www.joinindiannavy.gov.in ൽനിന്ന്.
യോഗ്യത: അഗ്നിവീർ മെട്രിക് റിക്രൂട്ട്മെന്റിലേക്ക് എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
അഗ്നിവീർ സീനിയർ സെൻഡറി റിക്രൂട്ട്മെന്റിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ് അടക്കമുള്ള വിഷയങ്ങളോടെ പ്ലസ് ടു/വി.എച്ച്.എസ്.സി/തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഓട്ടോമൊബൈൽസ്/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി) മൊത്തം 50 ശതമാനം മാർക്കോടെ പാസാകണം.
എസ്.എസ്.എൽ.സി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ എഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
എൻ.സി.സി ‘സി’ സർട്ടിഫിക്കറ്റ്, സ്പോർട്സ്, സ്വിമ്മിങ്, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് എന്നിവ അഭിലഷണീയ യോഗ്യതയാണ്.
പ്രായപരിധി: അഗ്നിവീർ 02/2025 ബാച്ചിലേക്ക് 2004 സെപ്റ്റംബർ ഒന്നിനും 2008 ഫെബ്രുവരി 29നും മധ്യേയും 01/2026 ബാച്ചിലേക്ക് 2005 ഫെബ്രുവരി ഒന്നിനും 2008 ജൂലൈ 31നും മധ്യേയും 02/2026 ബാച്ചിലേക്ക് 2005 ജൂലൈ ഒന്നിനും 2008 ഡിസംബർ 31നും മധ്യേയും ജനിച്ചവരാകണം. 2004 സെപ്റ്റംബർ മൂന്നിനും 2008 ഡിസംബർ 31നും മധ്യേജനിച്ചവർക്ക് 2025ലെ ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിൽ പങ്കെടുക്കുന്നതിന് അർഹതയുണ്ടായിരിക്കും.
പുരുഷന്മാർക്കും വനിതകൾക്കും ഉയരം 157 സെ.മീ. കുറയാതെയുണ്ടാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല.
വെബ്സൈറ്റിൽ ഓൺലൈനായി ഏപ്രിൽ 10 വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. 550 രൂപ + 18 ശതമാനം ജി.എസ്.ടി ആണ് ഫീസ്.
സെലക്ഷൻ: രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ടം മേയിൽ നടക്കുന്ന ഇന്ത്യൻ നേവി എൻട്രൻസ് ടെസ്റ്റിൽ (ഐനെറ്റ്-2025) പങ്കെടുക്കണം.
കമ്പ്യൂട്ടർ അധിഷ്ഠിത മെട്രിക് റിക്രൂട്ട്മെന്റ് പരീക്ഷയിൽ സയൻസ്, മാത്തമാറ്റിക്സ്, പൊതുവിജ്ഞാന മേഖലകളിൽനിന്ന് 50 ചോദ്യങ്ങളുണ്ടാകും. സമയം – 30 മിനിറ്റ്.
സീനിയർ സെക്കൻഡറി റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, പൊതുവിജ്ഞാന മേലഖകളിൽനിന്ന് 100 ചോദ്യങ്ങളുണ്ടാകും- ഒരു മണിക്കൂർ സമയം ലഭിക്കും. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ദ്വിഭാഷയിലാണ് ചോദ്യപേപ്പർ. യഥാക്രമം 10ാം ക്ലാസ്/പ്ലസ് ടു സിലബസിലുള്ള ചോദ്യങ്ങളായിരിക്കും. മാതൃകാ ചോദ്യപേപ്പർ വെബ്സൈറ്റിലുണ്ടാകും. ശരിയുത്തരത്തിന് ഓരോ മാർക്ക്, ഉത്തരം തെറ്റിയാൽ കാൽമാർക്ക് വീതം കുറക്കും. കട്ട് ഓഫ് മാർക്ക് നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി വിവിധ ബാച്ചുകളായുള്ള രണ്ടാംഘട്ട കായികക്ഷമത, എഴുത്തുപരീക്ഷ, വൈദ്യപരിശോധന അടക്കമുള്ള ടെസ്റ്റുകൾക്ക് ക്ഷണിക്കും. പരീക്ഷകളുടെ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും വിജ്ഞാപനത്തിലുണ്ട്. സംസ്ഥാനാടിസ്ഥാനത്തിൽ മെരിറ്റ് ലിസ്റ്റ് തയാറാക്കി നാലുവർഷത്തേക്കാണ് നിയമനം.
ശമ്പളം: ആദ്യവർഷം പ്രതിമാസം 30,000 രൂപ, രണ്ടാം വർഷം 33,000 രൂപ, മൂന്നാം വർഷം 36,500 രൂപ, നാലാം വർഷം 40,000 രൂപ, ഇതിൽ 30 ശതമാനം കോർപസ് ഫണ്ടിലേക്ക് പിടിക്കും. 70 ശതമാനം കൈയിൽ ലഭിക്കും. സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജുണ്ട്.