മാസപ്പിറവി കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

മാസപ്പിറവി കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

March 30, 2025 0 By eveningkerala

മലപ്പുറം പൊന്നാനിയില്‍ മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനി കൂടാതെ കപ്പക്കലിലും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു . റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്‌ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും.

അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളില്‍ ഇന്നായിരുന്നു ചെറിയ പെരുന്നാള്‍. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുനാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഒരു മാസക്കാലം നീണ്ട  വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ കരുത്തിൽ പെരുന്നാൾ ആഘോഷമാക്കുകയാണ് വിശ്വാസികൾ.

സൗദിയിൽ ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെയാണ് റമദാനിലെ 29 നോമ്പുകൾ പൂർത്തിയാക്കി ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടന്നത്.  യുഎഇയിൽ മലയാളികൾക്കായി പ്രത്യേകം ഈദ് ഗാഹ് ഒരുക്കിയിരുന്നു. ദുബായ് അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററിലെ ഈദ് ഗാഹിന് മൗലവി അബ്ദുസ്സലാം മോങ്ങവും ഖിസൈസിൽ  ഈദ്ഗാഹിന് മൗലവി ഹുസൈന്‍ കക്കാടും നേതൃത്വം നല്‍കി .