സമരത്തില്‍ നിന്ന് പിന്നോട്ടില്ല; അന്‍പതാം നാള്‍ മുടി മുറിച്ച് പ്രതിഷേധം

സമരത്തില്‍ നിന്ന് പിന്നോട്ടില്ല; അന്‍പതാം നാള്‍ മുടി മുറിച്ച് പ്രതിഷേധം

March 31, 2025 0 By eveningkerala

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ മറ്റൊരു പ്രതിഷേധത്തിലേക്ക്. സമരം അന്‍പതം ദിവസത്തിലേക്ക് കടന്ന ഇന്ന് ആശമാര്‍ മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കും. ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നൂറോളം ആശമാരായിരിക്കും സമരത്തില്‍ പങ്കാളികളാകുക എന്നാണ് വിവരം. രാവിലെ 11 മണിക്ക് ആശ പ്രവര്‍ത്തകര്‍ സമരവേദിയില്‍ ഒത്തുകൂടും. ശേഷം തലമുടി മുറിച്ച് പ്രതിഷേധിക്കാനാണ് നീക്കം. അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മടി മുറിക്കലില്‍ പങ്കുചേരും.

പട്ടിണി കിടന്ന് പ്രതിഷേധിച്ചിട്ടും സര്‍ക്കാര്‍ തിരിഞ്ഞ് നോക്കാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുന്നതെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.

ഓണറേറിയം 21,000 രൂപയാക്കുക, പിരിഞ്ഞ് പോകുമ്പോള്‍ 5 ലക്ഷം രൂപ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സമരം നടത്തുന്നത്. നിലവില്‍ സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ ഫെബ്രുവരി മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞുവെച്ചിരിക്കുകയാണ്.