പെണ്‍കുട്ടിയുടെ വസ്ത്രം വരെ വലിച്ചുകീറി; ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും; വിഡി സതീശന്‍

പെണ്‍കുട്ടിയുടെ വസ്ത്രം വരെ വലിച്ചുകീറി; ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും; വിഡി സതീശന്‍

December 20, 2023 0 By Editor

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ നേരിട്ടതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ് എന്ന് ആരോപിച്ച സതീശന്‍, അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണെന്നും പ്രഖ്യാപിച്ചു. ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്ത എസ്എഫ്‌ഐ പെണ്‍കുട്ടികളെ ‘മോളേ കരയല്ലേ’ എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയ പൊലീസുകാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വരെ വലിച്ചുകീറിയതായി സതീശന്‍ പറഞ്ഞു.

‘പൊലീസ് വളരെ മോശമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടു പെരുമാറിയത്. പെണ്‍കുട്ടിയുടെ വസ്ത്രം വരെ ഒരു എസ്‌ഐ വലിച്ചുകീറി. ആ എസ്‌ഐയ്ക്കെതിരെ നടപടി വേണം. വനിതാ പൊലീസല്ലാത്ത ഒരു എസ്‌ഐ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറി. വളരെ മോശമായ പെരുമാറ്റമാണ് അത്. പെണ്‍കുട്ടികളെയും സ്ത്രീകളെയും പുരുഷ പൊലീസുകാര്‍ വടിവച്ചു കുത്തുകയായിരുന്നു. അവരെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കു പരുക്കേറ്റിട്ടും അവരെ പൊലീസ് തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ഞാന്‍ അവരെ മോചിപ്പിച്ചു കൊണ്ടുപോകുകയാണ്.

പൊലീസ് അനാവശ്യമായി പെണ്‍കുട്ടികള്‍ക്കെതിരെ ആക്രമണം നടത്തിയതാണ് ഇത്രയും വലിയ സംഘര്‍ഷത്തിലേക്കു പോകാന്‍ കാരണം. ആ പെണ്‍കുട്ടിയെ ദേഹോപദ്രവം ചെയ്ത എസ്‌ഐയ്ക്കെതിരെ നടപടി വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഒരു യൂത്ത് കോണ്‍ഗ്രസ് സമരവും പൊലീസിനൊന്നും അടിച്ചൊതുക്കാനാകില്ല. ഇതിനേക്കാള്‍ വലിയ സമരം കാണേണ്ടി വരും. ഞങ്ങളുടെ കുട്ടികളെ കല്യാശേരി മുതല്‍ കൊല്ലം വരെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്ക് എതിരായിട്ടുള്ള വലിയ പ്രതിഷേധമാണിത്. ഈ പ്രതിഷേധം കേരളം മുഴുവനും ഉണ്ടാകും’

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കൊല്ലാന്‍ കരിങ്കല്ലെറിഞ്ഞപ്പോള്‍ അതിനെ ന്യായീകരിച്ച പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി വിജയന്‍. ഞങ്ങള്‍ പിണറായി വിജയന്റെ പാരമ്പര്യത്തിലുള്ളവരല്ല. ഒരു കടലാസ് പോലും ചുരുട്ടിയെറിയരുതെന്ന് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞവരാണ് ഞങ്ങള്‍. അത് മാറ്റിപ്പറയാന്‍ വേണ്ടിയാണ് ഇന്നത്തെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. പൊലീസിനോടാണ്, ഡിജിപിയോടാണ്, കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ്, കല്യാശ്ശേരി മുതല്‍ കൊല്ലം വരെ ഞങ്ങളെ ഉപദ്രവിച്ച കേസുകളില്‍ ശരിയായ വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം. നിങ്ങളുടെ ഗണ്‍മാന്മാരും ടിഎസ്ഒമാരും ക്രിമിനലുകളാണ്. അവരെ ആ സ്ഥാനത്തുനിന്ന് പുറത്താക്കണം. ഇതുരണ്ടും ചെയ്തില്ലെങ്കിലും തിരിച്ചടിക്കണം, തിരിച്ചടിക്കും. ഒരു സംശയവും വേണ്ട. എണ്ണിയെണ്ണി അടിക്കും’- സതീശന്‍ പറഞ്ഞു.