മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി

മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിന്റെ മുന്‍കൂർ ജാമ്യാപേക്ഷ തള്ളി

December 22, 2023 0 By Editor

കൊച്ചി: പീഡനത്തിന് ഇരയായ യുവതിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സര്‍ക്കാര്‍ അഭിഭാഷകനായിരുന്ന അഡ്വ. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ മുൻജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 10 ദിവസത്തിനകം അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയാൽ അഡ്വ മനുവിന്റെ ജാമ്യാപേക്ഷ കാലതാമസമില്ലാതെ പരി​ഗണിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസിന്റെ കേസ് ഡയറിയും മറ്റും പരിശോധിച്ച സാഹചര്യത്തിൽ പിജി മനുവിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നാണ് മനസ്സിലാകുന്നത് എന്നും കോടതി നിരീക്ഷിച്ചു.

ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം പരി​ഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ മുൻ പ്ലീഡറാണ് പ്രതിയെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കപ്പെടാൻ ഇടയുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. നേരത്തെ അഡ്വ. മനുവിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

പീഡനക്കേസില്‍ ഇരയായ യുവതിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ മനുവിനെതിരായ കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐടി ആക്ടും ചുമത്തിയിരുന്നു. എന്നാല്‍ തനിക്കെതിരായ ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് മനു ആരോപിക്കുന്നത്. തൊഴില്‍ മേഖലയിലെ ശത്രുക്കളാണ് പരാതിക്ക് പിന്നിലുള്ളതെന്നും മനു ആരോപിക്കുന്നു.