Begin typing your search above and press return to search.
മലപ്പുറം കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !
കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ ആനക്കുട്ടിയെ കണ്ടത്.
വനപാലകരെത്തി ആനക്കുട്ടിയെ കടുവ ആക്രമിച്ചതാണെന്ന് സ്ഥിരീകരിച്ചു. കടുവയുടെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ അധികൃതര്‍ മൃതദേഹ പരിശോധന പെട്ടെന്ന് പൂര്‍ത്തിയാക്കി. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് മുകളില്‍ 50 ഏക്കര്‍ ഭാഗത്താണ് കാട്ടാനക്കുട്ടിയുടെ ജഡം കണ്ടത്.
ആനക്കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗം സംസ്‌കരിച്ചിട്ടില്ല. ജഡം അഴുകിത്തുടങ്ങുമ്പോള്‍ കടുവ ഭക്ഷിക്കാനെത്തുമെന്നാണ് നിഗമനം. സംസ്‌കരിച്ചാല്‍ കടുവ പെട്ടെന്നുതന്നെ ഇരയ്ക്കായി മറ്റു ജീവികളെ വേട്ടയാടാനുള്ള സാധ്യതയും ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ജനുവരി അവസാനം ചിങ്കക്കല്ല് മലവാരത്തോടുചേര്‍ന്നുള്ള ചെങ്കോട് മലവാരത്തില്‍ കൊമ്പനെ കടുവ അടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയിരുന്നു.
സ്വകാര്യ തോട്ടങ്ങളോടു ചേര്‍ന്നുള്ള ഭാഗത്തുനിന്നാണ് രണ്ടുതവണയും കടുവ ആനകളെ ആക്രമിച്ചിട്ടുള്ളത്. മൃതദേഹപരിശോധനയ്ക്ക് കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി. രാജീവ്, കരുളായി വെറ്ററിനറി സര്‍ജന്‍ ഐശ്വര്യ, മൂത്തേടം വെറ്ററിനറി സര്‍ജന്‍ ശ്യാം, കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.എന്‍. സജീവന്‍, ഫ്‌ലയിങ് സ്‌ക്വാഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Next Story