
മലപ്പുറത്ത് ചാലിയാറിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു
February 20, 2024മലപ്പുറം: എടവണ്ണപ്പാറ ചാലിയാർ പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങിമരിച്ച നിലയിൽ. വെട്ടത്തൂർ സ്വദേശി വളച്ചട്ടിയിൽ സിദ്ദിഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് ചാലിയാർ പുഴയിലെ മുട്ടിങ്ങൽ കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. വെള്ളത്തില്‍ മുങ്ങികിടക്കുന്നനിലയിലായിരുന്നു മൃതദേഹം. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. പഠനത്തിൽ മിടുക്കിയായിരുന്നു സന ഫാത്തിമയെന്ന് നാട്ടുകാർ പറയുന്നു. കുട്ടി എങ്ങനെയാണ് പുഴയിൽ എത്തിയതെന്നടക്കമുള്ള കാര്യങ്ങളിൽ ദുരൂഹത നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.