തിരുവനന്തപുരത്ത് താമര വിരിയിക്കാൻ രാജീവ് ചന്ദ്രശേഖർ; ശോഭ ആലപ്പുഴയിൽ, പത്തനംതിട്ടയിൽ പി.സി.ജോർജിന് സീറ്റ് ലഭിച്ചില്ല പകരം അനിൽ ആന്റണി

തിരുവനന്തപുരത്ത് താമര വിരിയിക്കാൻ രാജീവ് ചന്ദ്രശേഖർ; ശോഭ ആലപ്പുഴയിൽ, പത്തനംതിട്ടയിൽ പി.സി.ജോർജിന് സീറ്റ് ലഭിച്ചില്ല പകരം അനിൽ ആന്റണി

March 2, 2024 0 By Editor

പ്രതീക്ഷിച്ച പേരുകളുമായി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. എറണാകുളത്ത് മത്സരിക്കുമെന്ന് പ്രതീക്ഷിച്ച അനിൽ ആന്റണിയെ പത്തനംതിട്ടയിൽ മത്സരരംഗത്തിറക്കി. പത്തനംതിട്ടയിൽ മത്സരിക്കാൻ അവകാശവാദം ഉന്നയിച്ച പി.സി.ജോർജിന് സീറ്റ് ലഭിച്ചില്ല. പാലക്കാടോ, കോഴിക്കോടോ മത്സരിക്കുമെന്ന് പ്രതീക്ഷിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ ആലപ്പുഴയിലേക്ക് മാറ്റി. കഴിഞ്ഞ തവണ പാലക്കാട് സീറ്റ് പ്രതീക്ഷിച്ച ശോഭയ്ക്ക് ആറ്റിങ്ങൽ സീറ്റാണ് ലഭിച്ചത്. ശേഷിക്കുന്ന സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി നേതൃത്വം പറയുന്നു. മൂന്ന് വനിതാ സ്ഥാനാർഥികൾ ആദ്യ പട്ടികയിലുണ്ട്. എൽഡിഎഫിനു പിന്നാലേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുമ്പോൾ കോൺഗ്രസ് സ്ഥാനാർഥികളെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കാനാണ് സാധ്യത.

6 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ബിഡിജെഎസ് നാല് സീറ്റിലും. ബിജെപി മത്സരിക്കുന്ന നാല് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. എറണാകുളം, കൊല്ലം, കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി, ആലത്തൂർ, വയനാട് സീറ്റുകളിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളത്. കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി സീറ്റുകൾ ബിഡിജെഎസിന് നൽകിയേക്കും. നേരത്തെ ഉയർന്ന ചർച്ചകളിലേതുപോലെ ആറ്റിങ്ങലിൽ വി.മുരളീധരനും തൃശൂരിൽ സുരേഷ് ഗോപിയും തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും സ്ഥാനാർഥികളായി. തൃശൂരിലും തിരുവനന്തപുരത്തുമാണ് ബിജെപി കൂടുതൽ പ്രതീക്ഷ പുലർത്തുന്നത്. പൊന്നാനിയിൽ മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റ് നിവേദിതാ സുബ്രമണ്യത്തെയാണ് രംഗത്തിറക്കുന്നത്. മലപ്പുറത്ത് മൈനോറിറ്റി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ഡോ.അബ്ദുൽ സലാമും വടകരയിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫുൽ കൃഷ്ണനെയും രംഗത്തിറക്കി.

കാസർകോഡ് അപ്രതീക്ഷിത സ്ഥാനാർഥിയെയാണ് നേതൃത്വം പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗവും അധ്യാപികയുമായ എം.എൽ.അശ്വനിയാണ് സ്ഥാനാർഥി. കോഴിക്കോട് ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.ടി.രമേശിനെയാണ് പരിഗണിച്ചത്. ബിഡിജെഎസ് നേതാക്കളുമായി ഡൽഹിയിൽ ബിജെപി നേതൃത്വം നാളെ ചർച്ച നടത്തും. കോട്ടയം, മാവേലിക്കര, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളാണ് പാർട്ടി ആവശ്യപ്പെടുന്നത്. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കും. കൊല്ലത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേര് പരിഗണനയിലുണ്ട്.