“അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്നസ്ഥലത്ത് സംഘികളെ നിരങ്ങാൻ ഞാൻ സമ്മതിക്കില്ല”; പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ

“അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്നസ്ഥലത്ത് സംഘികളെ നിരങ്ങാൻ ഞാൻ സമ്മതിക്കില്ല”; പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ

March 7, 2024 0 By Editor

കോഴിക്കോട്: പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയുടെ പരിഭവങ്ങൾക്കു മറുപടിയായി കെ.മുരളീധരൻ ചോദിച്ചു. അച്ഛന്റെ ആത്മാവ് പത്മജയോടു പൊറുക്കില്ല. സഹോദരിയെന്ന സ്നേഹമൊന്നും ഇനിയില്ല. ഞങ്ങൾ തമ്മിൽ സ്വത്ത് തർക്കമൊന്നുമില്ല. കാരണം അച്ഛൻ അത്രയൊന്നും സമ്പാദിച്ചിട്ടില്ല. പാർട്ടിയെ ചതിച്ചവരുമായി ബന്ധമില്ല. അച്ഛൻ അന്ത്യവിശ്രമം കൊള്ളുന്നസ്ഥലത്ത് സംഘികളെ നിരങ്ങാൻ ഞാൻ സമ്മതിക്കില്ല. പത്മജ ചാലക്കുടിയിൽ മത്സരിച്ചാൽ നോട്ടയ്ക്കായിരിക്കും കൂടുതൽ വോട്ടെന്നും മുരളീധരൻ പരിഹസിച്ചു.

‘ഞാൻ ഇന്നലെ രാവിലെ മുതൽ പത്മജയെ ഫോണിൽ വിളിക്കുന്നുണ്ട്. എന്റെ ഫോൺ മാത്രം എടുക്കുന്നില്ല. ബാക്കിയെല്ലാവരുമായും സംസാരിക്കുന്നുമുണ്ട്. അപ്പോഴേ എനിക്കു സംശയം തോന്നിയിരുന്നു. പാർട്ടിയൊരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണു പത്മജ ചെയ്യുന്നത്. കരുണാകരന്റെ മകൾ ഇങ്ങനെ ചെയ്യരുത്. കോൺഗ്രസ് മുന്തിയ പരിഗണനയാണ് എല്ലാക്കാലത്തും പത്മജക്ക് നൽകിയിരുന്നത്. തിരഞ്ഞെടുപ്പിൽ ചിലരൊക്കെ കാലുവാരിയാൽ തോൽക്കില്ല. അങ്ങനെയെങ്കിൽ എന്നെയൊക്കെ ഒരുപാട് പേർ വാരിയിട്ടുണ്ട്. നമ്മൾ പൂർണമായും ജനങ്ങൾക്കു വിധേയരായാൽ കാലുവാരലൊന്നും ഏൽക്കില്ല. ഞാൻ കോൺഗ്രസ് വിട്ടുപോയ സമയത്തുപോലും ബിജെപിയുമായി ചേർന്നിട്ടില്ല. കരുണാകരന്റെ കുടുംബത്തിൽനിന്ന് ഒരാളെ ബിജെപിക്ക് കിട്ടിയെന്നു പറയുന്നതു സാധാരണക്കാർക്കു വിഷമമുണ്ടാക്കും. പത്മജയെ എടുത്തതു ബിജെപിക്കു ചില്ലികാശിനു ഗുണമുണ്ടാക്കില്ല. ബിജെപിയിലേക്കു പോകുമെന്ന് എന്നോട് ഒരു സംസാരത്തിലും പറഞ്ഞിട്ടില്ല’’ – കെ.മുരളീധരൻ പറഞ്ഞു.

കെ.കരുണാകരനെ ചിതയിലെടുത്തപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ പുതപ്പിച്ചത് കോൺഗ്രസിന്റെ പതാകയാണെന്നു പത്മജയെ മുരളീധരൻ ഓർമിപ്പിച്ചു. സാമ്പത്തികമായി അച്ഛൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്. വാടകവീട്ടിലാണ് ഒരുകാലം വരെ ഞങ്ങൾ കഴിഞ്ഞിരുന്നത്. കേരളത്തിൽ കരുണാകരനുണ്ടാക്കിയ പാർട്ടിയാണ് കോൺഗ്രസ്. ഒരിക്കലും വർഗീയതയോടു സന്ധി ചെയ്യാത്ത ആളാണ് കരുണാകരൻ. കിട്ടിയ സ്ഥാനങ്ങളെ കുറിച്ചൊക്കെ ഓർക്കണം. നേമത്തെ അക്കൗണ്ട് പൂട്ടിച്ചിട്ട് ഒരു ഇഡിയും എന്റെ അടുത്തേക്കു വന്നില്ല. ഈ പരിപ്പൊന്നും വടകരയിൽ വേവില്ല. പാർട്ടി പറഞ്ഞാൽ ശക്തമായി വടകരയിൽ പോരാടുമെന്നും മുരളീധരൻ പറഞ്ഞു.