നിര്‍മാണ കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മോട്രോ സര്‍വീസ് നിര്‍ത്തിവച്ചു

നിര്‍മാണ കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മോട്രോ സര്‍വീസ് നിര്‍ത്തിവച്ചു

April 20, 2018 0 By Editor

കൊച്ചി: കലൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം ഭൂമിയ്ക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്നു. മെട്രോയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്നു ഗര്‍ത്തം രൂപപ്പെട്ടിടുള്ളത് കൊണ്ട് ഇത് മെട്രോ റെയില്‍ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. രാത്രി പത്തോടെ കലൂര്‍ മെട്രോ സ്റ്റേഷനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. റോഡരികിലുള്ള കെട്ടിടമാണു താഴ്ന്നു പോയത്. സുരക്ഷയുടെ ഭാഗമായി മെട്രോ സര്‍വീസും സമീപത്തു കൂടിയുള്ള റോഡ് ഗതാഗതവും താല്‍കാലികമായി നിര്‍ത്തിവച്ചു.

കലൂര്‍ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാര്‍ക്കിനോടു ചേര്‍ന്ന് പൈലിങ് ജോലികള്‍ നടക്കുന്നതിനിടെയാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. ഇവിടെ എത്തിച്ചിരുന്ന രണ്ട് ജെസിബിയും മറ്റു നിര്‍മാണ വസ്തുക്കളും കെട്ടിടത്തിന് അടിയില്‍പ്പെട്ടു. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ആലുവയില്‍ നിന്നുള്ള പമ്പിങ്ങും നിര്‍ത്തി വച്ചു. കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശത്തെ കെട്ടിടങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്.

കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. മെട്രോയുടെ ഉദ്യോഗസ്ഥരെത്തി ട്രാക്കുകള്‍ പരിശോധിച്ചു. ഇത് പൂര്‍ത്തിയായതിനു ശേഷം മാത്രമേ മഹാരാജാസ് സ്റ്റേഷനിലേക്കുള്ള ഗതാഗതവും വെള്ളിയാഴ്ച പുനഃരാരംഭിക്കുകയുള്ളൂ. നിര്‍മാണത്തൊഴിലാളികള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച ആലുവയില്‍ നിന്നു പാലാരിവട്ടം വരെ മാത്രമേ മെട്രോ സര്‍വീസ് നടത്തുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതുവഴിയുള്ള റോഡ് ഗതാഗതത്തിന് ഇന്നും നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണു സൂചന.