സംസ്ഥാനത്ത് മഴ തുടരും

July 19, 2018 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ വരും ദിവസങ്ങളിലും തുടരും. മഴയോടൊപ്പം കാറ്റിനും സാധ്യതയുണ്ട്.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിമീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിമീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. കൂടാത കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഇന്ന് ഉച്ചക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ഈ മുന്നറിയിപ്പ് ബാധകമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടമാണ് സംസ്ഥാനത്തുള്ളത്.

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ തെന്‍മല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ് 111.56 അടിയായതോടെയാണ് ഷട്ടറുകള്‍ മൂന്നിഞ്ച് വീതം ഉയര്‍ത്തിയത്. ഡാമിന്റെ ശേഷി 115.82 മീറ്ററാണ്. ഇടുക്കിയില്‍ മഴ കുറഞ്ഞെങ്കിലും നീരൊഴുക്കില്‍ മാറ്റം വന്നിട്ടില്ല. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടിയിലെത്തി നില്‍ക്കുകയാണ്.