‘കോൺഗ്രസ് വയനാട്ടുകാരെ കബളിപ്പിക്കരുതായിരുന്നു; വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് ബിനോയ് വിശ്വം

‘കോൺഗ്രസ് വയനാട്ടുകാരെ കബളിപ്പിക്കരുതായിരുന്നു; വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് ബിനോയ് വിശ്വം

June 17, 2024 0 By Editor

ഡെൽഹി: വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിനോയ് വിശ്വം സി.പി.ഐയുടെ നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമ്പോഴും ഇടതുപക്ഷം സ്ഥാനാർഥിയെ നിർത്തുന്നതിന്റെ രാഷ്ട്രീയം ചർച്ച ചെയ്തിരുന്നു.

സഹോദരൻ രാഹുൽ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്.

‘കോൺഗ്രസിന്റെ മനസിലെ പദ്ധതി ഇതായിരുന്നു എങ്കിലും അവർ വയനാട്ടിലെ ജനങ്ങളെ കബളിപ്പിക്കാൻ പാടില്ലായിരുന്നു. കേരളത്തിലെ  കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ ഇങ്ങനെ ഒരു വേഷം കെട്ടിച്ചത് ശരിയായില്ല. ഇന്ത്യാ സഖ്യത്തിന്റെ രാഷ്ട്രീയ മുഖമാണ് കോൺഗ്രസും സിപിഐയും. ഞങ്ങൾ മത്സരിക്കുന്നത് പ്രധാനമായും ബിജെപിക്ക് എതിരായാണ്. ബിജെപിയുടെ ശക്തി കേന്ദ്രമായ വടക്കേ ഇന്ത്യയിൽ ഒരിടത്തും മത്സരിക്കാതെ ബിജെപി ജയിക്കില്ലെന്ന് ഉറപ്പുള്ള സ്ഥലത്തേക്ക് രാഹുലിനെ മത്സരിക്കാൻ എത്തിച്ചത് രാഷ്ട്രീയമായി തെറ്റാണ്. ആ തെറ്റ് കോൺഗ്രസിന്റെ ദൂരക്കാഴ്ച ഇല്ലായ്മയുടെ ഫലമാണ്’’–ബിനോയ് വിശ്വം പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam