ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ-പാസ് സംവിധാനം നീട്ടി
നീലഗിരി: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാൻ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏർപ്പെടുത്തിയത്.…
നീലഗിരി: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാൻ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏർപ്പെടുത്തിയത്.…
നീലഗിരി: ഊട്ടി, കൊടൈക്കനാൽ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാൻ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏർപ്പെടുത്തിയത്. ജൂണ്‍ 30 വരെ എന്നാണ് ആദ്യം പറഞ്ഞിരുന്നത്. മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ തുടരാൻ ഉത്തരവിട്ടത്.
എത്ര വാഹനങ്ങൾ വരെ ഒരു ദിവസം കടത്തിവിടാം എന്നതിനെ കുറിച്ച് പഠിക്കാൻ ബെംഗളൂരു ഐഐഎം, ചെന്നൈ ഐഐടി എന്നിവയെ ഏൽപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പിന്നാലെയാണ് ഇ- പാസ് സംവിധാനം തുടരാൻ കോടതി ഉത്തരവിട്ടത്. ഓഫ് സീസണിൽ എത്ര സഞ്ചാരികള്‍ എത്തുന്നു എന്ന കണക്ക് ലഭിക്കാനാണിത്. ഈ വിവരങ്ങൾ ഒരു ദിവസം പരമാവധി എത്ര വാഹനങ്ങളെ ഉള്‍ക്കൊള്ളാൻ ഈ മലയോര മേഖലയ്ക്ക് കഴിയുമെന്ന് കണ്ടെത്താൻ സഹായകരമാകുമെന്ന് ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ഇ പാസ് സംവിധാനം നിലവിൽ വന്ന ശേഷം കൊടൈക്കനാലിലും ഊട്ടിയിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി പരാതി ഉയർന്നിരുന്നു. ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ പ്രതിസന്ധിയിലായെന്നാണ് വ്യാപാരികളുടെ പരാതി. ചെക്‌പോസ്റ്റുകളിൽ ഇ-പാസ് പരിശോധിച്ച ശേഷമേ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇ-പാസ് ലഭിക്കാൻ എളുപ്പമാണ്. പാസ് വേണ്ടവർക്ക് https://epass.tnega.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. പേര്, ഫോൺ നമ്പർ, വിലാസം, വാഹനത്തിന്‍റെ വിശദാംശങ്ങൾ, സന്ദർശിക്കുന്ന തിയ്യതി, യാത്രക്കാരുടെ എണ്ണം എന്നിവ നൽകിയാൽ പാസ് ലഭിക്കും. സര്‍ക്കാര്‍ ബസുകളിലും ട്രെയിനിലും വരുന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാലാണ് നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതി നീലഗിരി, ദിണ്ടിഗൽ ജില്ലാ കലക്ടർമാരോട് നിർദേശിച്ചത്. ടൂറിസ്റ്റ് സീസണുകളിൽ വാഹനങ്ങളുടെ എണ്ണം പ്രതിദിനം 20,000 വരെ ആയി വർദ്ധിക്കുന്നു. നിലവിൽ അപേക്ഷിക്കുന്ന എല്ലാവർക്കും ഇ പാസ് നൽകുന്നുണ്ട്. എന്നാൽ പാരിസ്ഥിതികാഘാതം കണക്കിലെടുത്ത് ഭാവിയിൽ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനാണ് നീക്കം.