കളിയിക്കാവിള കൊലപാതകം:രണ്ടാം പ്രതി സുനിൽകുമാർ കുടുങ്ങിയത് മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി വ്യവസായിയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരനും രണ്ടാം പ്രതിയുമായ സുനില്‍കുമാറിനെ തമിഴ്‌നാട്ടില്‍നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സുനില്‍കുമാറിനെ തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കഴിഞ്ഞദിവസം ഇയാളുടെ കാര്‍ കന്യാകുമാരി കുലശേഖരത്ത് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു.

കാറിന്റെ രേഖകള്‍ പണയപ്പെടുത്തി സുനില്‍കുമാര്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം വാങ്ങിയതായി സൂചനയുണ്ട്. തുടര്‍ന്ന് ഈ പണവുമായി ബെംഗളൂരു വഴി മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ പോലീസ് പിടിയിലായതെന്നാണ് വിവരം. ദീപുവിനെ കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയ അമ്പിളി എന്ന സജികുമാറിന്റെ സുഹൃത്താണ് സുനില്‍കുമാര്‍. ദീപു കൊലക്കേസില്‍ സജികുമാറിനെയും ഗൂഢാലോചനയില്‍ പങ്കാളിയായ പ്രദീപ് ചന്ദ്രനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജൂണ്‍ 24 തിങ്കളാഴ്ച രാത്രിയാണ് ക്വാറി വ്യവസായിയായ മലയിന്‍കീഴ് അണപ്പാട് മുല്ലമ്പള്ളി ഹൗസില്‍ എസ്.ദീപു(46)വിനെ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ദീപുവിന്റെ കൈയിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും നഷ്ടമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയുമായിരുന്ന അമ്പിളി എന്ന സജികുമാറാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായത്. ദീപുവില്‍നിന്ന് കവര്‍ന്ന പണത്തില്‍ ഏഴുലക്ഷം രൂപയും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം സജികുമാര്‍ നടത്തിയ ക്വട്ടേഷന്‍ കൊലപാതകമാണിതെന്നാണ് നിലവിലെ നിഗമനം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story