എംജെഒ പ്രതിഭാസം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും

എംജെഒ പ്രതിഭാസം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും

July 16, 2024 0 By Editor

തിരുവനന്തപുരം: ഇന്നും നാളെയും കേരളത്തിൽ മഴ കനക്കും. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ‌ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു മഴയ്ക്കു കാരണം. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. അമേരിക്കൻ ശാസ്ത്രജ്ഞരായ റോളൻഡ് മാഡനും പോൾ ജൂലിയനും ചേർന്ന് 1971ൽ കണ്ടെത്തിയതിനാലാണ് ഈ പേരു വന്നത്.

ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടാണ്. എംജെഒ സ്വാധീനത്താൽ ബംഗാൾ ഉൾക്കടലിൽ‌ ചക്രവാതച്ചുഴിയും ന്യൂനമർദങ്ങളും രൂപംകൊണ്ടേക്കും. കേരളത്തിൽ അടുത്ത 5 ദിവസം ഇടത്തരം മഴയ്ക്കോ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കോ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.