സംസ്ഥാനത്ത് വീണ്ടും നിപ്പ? കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് നിപ സ്ഥിരീകരിച്ചു
നിപ്പ സംശയിച്ച് ചികിത്സയിലുള്ള പതിനാലുകാരന്റെ രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇനി പുണെ വൈറോളജി ലാബിലെ പരിശോധനാ ഫലമാണ് പുറത്തുവരാനുള്ളത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ്പ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പുണെയിലേക്ക് സാംപിൾ അയച്ചത്.
പുണെയിലെ പരിശോധനാ ഫലം വന്നശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. പ്രാഥമിക പരിശോധനകൾ പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പ്രത്യേക നിരീക്ഷണത്തിലാണ്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പക്ഷെ നിപയാണെന്ന് സര്‍ട്ടിഫിക്കേറ്റ് ചെയ്യേണ്ടത് മാനദണ്ഡപ്രകാരം പൂനെയിലെ ലാബില്‍ നിന്നാണ്. ആ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. നിപയാണെന്ന സംസ്ഥാനത്തെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമങ്ങളും എടുത്തിട്ടുണ്ട്. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പൂനെയില്‍ നിന്ന് നാളെ എത്തിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.