നിപയില്‍ കൂടുതല്‍ ആശ്വാസം; 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 9 പേരുടെ പരിശോധനാഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ അടക്കമുള്ളവരുടെ ഫലം നെഗറ്റീവ് ആണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച പരിശോധനാ ഫലമാണ് പുറത്തുവന്നത്. തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവും ഇന്ന് പുറത്തുവരും. 406 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

നിപ ബാധിച്ച കുട്ടി സമീപത്തെ പറമ്പില്‍നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാര്‍ സ്ഥിരീകരിച്ചതായും അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിലയിരുത്തലില്‍ വൈറസിന്റെ ഉറവിടം ഇതാകാനാണു സാധ്യത. മറ്റു പരിശോധനകള്‍ നടത്തിയാലേ ഇതു സ്ഥിരീകരിക്കാനാവൂ. വവ്വാലുകളെ നിരീക്ഷിക്കുന്നതിനു ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. ഐസിഎംആര്‍ സംഘം ഇതിനകം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

വവ്വാലുകളുടെ ശരീരത്തിലുള്ള നിപ വകഭേദവും മനുഷ്യരില്‍ കണ്ടെത്തിയ വകഭേദവും ഒന്നാണെന്നു കണ്ടെത്താന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ട്. പഴങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഐസിഎംആറിന്റെ സഹകരണത്തോടെ തുടരുന്നതായും മന്ത്രി അറിയിച്ചു. ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമേ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പ്രോട്ടോക്കോള്‍ പ്രകാരം 21 ദിവസം ഐസലേഷനില്‍ നിര്‍ബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പര്‍ക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണു കര്‍ശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story